എ.എസ്‌.നായര്‍-രേഖാചിത്രങ്ങളുടെ കുലപതി

ഇന്ത്യയിലെ പ്രതിഭാസമ്പന്നരായ രേഖാ ചിത്രകാരന്‍‌മാരില്‍ ഒരാളായിരുന്നു എ.എസ്‌.നായര്‍ എന്ന അത്തിപ്പറ്റ ശിവരാമന്‍ നായര്‍.

ഇരുപത്തിയേഴ് കൊല്ലം മാതൃഭൂമി ആഴ്ചപ്പതി‍പ്പില്‍ രേഖാ ചിത്രകാരനായി കഴിഞ്ഞതില്‍ ഒതുങ്ങുന്നു ശിവരാമന്‍ നായരുടെ കലാജീവിതം. പക്ഷെ, ആ ഇരുപത്തിയേഴ് കൊല്ലം കേരളീയ രേഖാചിത്ര ചരിത്രത്തിലെ ഏറ്റവും മികച്ച കാലഘട്ടമായിരുന്നു എന്നു പറയേണ്ടിവരും.

കെ.സി.എസ്‌. പണിക്കരുടെ ശിഷ്യനായി വരച്ചു വളര്‍ന്ന എ.എസ്‌.നായര്‍ മാതൃഭൂമിയില്‍ മാത്രം ഒതുങ്ങുകയും, രേഖാ ചിത്ര രചനയിലും കാര്‍ട്ടൂണില്‍ മാത്രം ഒതുങ്ങുകയും ചെയ്‌തുവെങ്കിലും അദ്ദേഹത്തിന്‍റെ ചിത്ര സഞ്ചയം അമൂല്യമായൊരു നിധിയാണ്‌ . ഇന്ത്യയുടെ രേഖാ ചിത്ര പാരമ്പര്യത്തിന്‍റെ തനിമയും ഓജസ്സും വൈവിദ്ധ്യവും അതില്‍ നിറഞ്ഞുനില്‍ക്കുന്നു.

1988 ജൂണ്‍ 30ന്‌ അമ്പത്തിരണ്ടാം വയസ്സില്‍ എ.എസ്‌.നായര്‍ അപ്രതീക്ഷിതമായി അന്തരിച്ചു. മാതൃഭൂമിയുടെ കോഴിക്കോട്‌ ഓഫീസിലേക്ക്‌ ഓട്ടോറിക്ഷയില്‍ എത്തിയ ഏ എസ്‌ സ്വന്തം മുറിയില്‍ എത്തും മുമ്പെ കുഴഞ്ഞ്‌ വീണ്‌ മരിക്കുകയായിരുന്നു.

ഒരു ചിത്രകാരന്‍റെ സ്റ്റീരിയോ ടൈപ്പ്‌ പരിവേഷങ്ങള്‍ ഒന്നുമില്ലാത്ത തനി നാടന്‍ മനുഷ്യനായിരുന്നു എ.എസ്‌.നായര്‍. തനി ഗ്രാമീണന്‍ - നോക്കിലും വാക്കിലും നടപ്പിലും സംസാരത്തിലുമെല്ലാം.

എ.എസ്‌.നായരുടെ മീശയ്ക്കുമുണ്ടായിരുന്നു ഒരു സവിശേഷത. ആ പരുക്കന്‍ മീശയുടെ അറ്റങ്ങള്‍ അല്‍പം മുകളിലേക്ക്‌ ചെത്തിക്കൂര്‍പ്പിച്ച മട്ടിലായിരുന്നു ഉണ്ടായിരുന്നത്‌. കൈ തെറുത്തുകയറ്റിയ ടെര്‍ലിന്‍ ഷര്‍ട്ടും വെള്ള ഡബിള്‍ മുണ്ടുമായിരിക്കും മിക്കവാറും വേഷം. അകാലത്തില്‍ നര കയറിത്തുടങ്ങിയ മുടി, കരുത്ത ഫ്രെയിമുള്ള കട്ടിക്കണ്ണട, പൊട്ടിച്ചിരിയും ഹൃദ്യമായ പുഞ്ചിരിയും.

പെന്‍സിലില്‍ രേഖാചിത്രങ്ങള്‍ കോറിയിട്ട്‌ കട്ടി നിബ്ബുള്ള പേന ഇന്ത്യന്‍ ഇങ്കില്‍ മുക്കി എ.എസ്‌.നായര്‍ ചിത്രങ്ങള്‍ മെനയുന്നത്‌ കാണാന്‍ ഒരു ഭംഗിയുണ്ട്‌. ചിത്രം വരച്ച്‌ തീര്‍ന്നാലുടന്‍ കാക്കയെപ്പോലെ ചാഞ്ഞും ചരിഞ്ഞും നോക്കും. അടുത്തുവച്ചും ദൂരെവച്ചും നോക്കും.
സ്വത്വം - സ്വന്തം വ്യക്തിത്വം -എ.എസിന്‍റെ ചിത്രങ്ങളില്‍ എപ്പോഴും തുടിച്ചു നിന്നിരുന്നു. എ.എസിന്‍റെ കാഴ്ചയിലുള്ള പരുക്കന്‍ മട്ട്‌ അദ്ദേഹത്തിന്‍റെ ചിത്രത്തിനുമുണ്ടായിരുന്നു. ലളിത സുന്ദരമല്ല, കട്ടിയുള്ള പരുക്കന്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ വരകള്‍.

നിശ്ചല രേഖകള്‍ ചടുലതയോടെ താളാത്മകമായി കെട്ടുപിണഞ്ഞ്‌ ഒഴുകി പശ്ചാത്തലത്തില്‍ ലയിച്ച്‌ ഒരു ത്രിമാന അ൹ഭവം ഉണ്ടാക്കുന്നു. ചിലപ്പോള്‍ വരകളില്‍ ബ്രഷു ചേര്‍ത്ത്‌ നിഴലും വെളിച്ചവും വാഷ്‌ ചെയ്‌തു വരുത്തുന്ന രീതി എ.എസ്‌. അവലംബിച്ചിട്ടുണ്ട്‌.

കാളിമയുടെ സൗന്ദര്യം ഹൃദ്യമായി അവതരിപ്പിക്കാന്‍ എ.എസിന്‌ കഴിഞ്ഞു. മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച യയാതി എന്ന നോവലിന്‍റെ ചിത്രണം ഇതിന്‌ മികച്ചൊരു ഉദാഹരണമാണ്‌. അതില്‍ കഥാപാത്ര ചിത്രീകരണത്തിന്‌ ഉപയോഗിച്ച ശൈലിക്കുമുണ്ടായിരുന്നു അനുകരിക്കാനാവാത്ത സവിശേഷത.

കുറച്ചു മണ്ണ്‌ മുതല്‍ നിയോഗം വരെ

1961 മെയ്‌ 14ന്‌ മാതൃഭൂമിയില്‍ മാധവിക്കുട്ടിയുടെ കുറച്ചുമണ്ണ്‌ എന്ന ചെറുകഥയ്ക്കാണ്‌ എ.എസ്‌.ആദ്യമായി ചിത്രം വരച്ചത്‌. ഒ.വി.വിജയന്റെ ഖസാക്കിന്‍റെ ഇതിഹാസത്തിന്‌ വേണ്ടി എ.എസ്‌. വരച്ച ചിത്രങ്ങളാണ്‌ ആദ്യകാലത്ത്‌ ഏറ്റവും ശ്രദ്ധേയമായത്‌. അതിലെ അപ്പുക്കിളിയും അള്ളാപ്പിച്ച മൊല്ലാക്കയും പാലക്കാടിന്‍റെ ഗ്രാമീണ ഭംഗിയും എല്ലാം വരകളിലൂടെ എ.എസ്‌.അനശ്വരമാക്കി.

ഒ വി വിജയന്‍റെ ഖസാക്കിന്‍റെ ഇതിഹാസം, ഗുരുസാഗരം, പി പദ്‌മരാജന്‍റെ പെരുവഴിയമ്പലം, സി വി ബാലകൃഷ്ണന്‍റെ ആയുസ്സിന്‍റെ പുസ്തകം, ലളിതാംബിക അന്തര്‍ജ്ജനത്തിന്‍റെ അഗ്നി സാക്ഷി, എം മുകുന്ദന്‍റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ,ആശാപൂര്‍ണ്ണാദേവിയുടെ പ്രഥമ പ്രതിശ്രുതി,വി എസ്‌ ഖണ്ഡേക്കറുടെ യയാതി,പി വത്സലയുടെ കൂമന്‍ കൊല്ലി, പി ആര്‍ ശ്യാമളയുടെ മണല്‍, മാടമ്പ്‌ കുഞ്ഞുക്കുട്ടന്റെ ഭ്രഷ്ട്‌ തുടങ്ങി ഒട്ടേറെ നോവലുകള്‍ക്ക്‌ ആഴ്ചപ്പതിപ്പില്‍ രേഖാ ചിത്രങ്ങള്‍ വരച്ചത്‌ ഏ എസ്‌ ആയിരുന്നു.

പി.ആര്‍.ശ്യാമളയുടെ മണല്‍ എന്ന നോവലിന്‌ എ.എസ്‌ അര്‍ദ്ധ മൂര്‍ത്ത രൂപങ്ങളാണ്‌ വരച്ചത്‌. ഒറിയ, കന്നഡ തുടങ്ങിയ ഭാഷകളിലെ കഥകള്‍ക്കും നോവലുകള്‍ക്കും ചിത്രം വരയ്ക്കുമ്പോള്‍ എ.എസിന്‍റെ രചന അവിടത്തെ പ്രകൃതിയെ ആവാഹിച്ചുവരുത്തുന്നതായി കാണാം.

1936 മെയ്‌ 15ന്‌ മീനമാസത്തിലെ ഉത്രാടം നാളിലാണ്‌ എ.എസ്‌.നായരുടെ ജനനം. ചേര്‍പ്പുളശ്ശേരി-പെരിന്തല്‍മണ്ണ റോഡിലെ കാറല്‍മണ്ണയില്‍ ചേര്‍പ്പുളശ്ശേരി ശ്രീ തിരുമുല്ലപ്പുള്ളി ശിവക്ഷേത്രത്തിന്‌ തൊട്ടായാണ്‌ അത്തിപ്പറ്റ തറവാട്‌. തെക്കേടത്ത്‌ അച്യുതന്‍ നായരും, അത്തിപ്പറ്റ ദേവകി അമ്മയുമാണ്‌ മാതാപിതാക്കള്‍. പാറുക്കുട്ടിയമ്മ, ലക്ഷ്‌മിക്കുട്ടിയമ്മ എന്നീ രണ്ട്‌ സഹോദരിമാരുമുണ്ട്‌.

ദരിദ്രമായ ബാല്യമായിരുന്നു എ.എസിന്‍റെത്‌. തൃക്കടീരി മനയുടെ ചുവരിലും ഗ്രാമീണവായനശാലയിലെ കയ്യെഴുത്തുമാസികയിലും പടുവര വരച്ച ശിവരാമന്‍ നായരെ മനയ്ക്കലെ വാസുദേവന്‍ നമ്പൂതിരി ചിത്രകല പഠിപ്പിച്ചു. മദ്രാസില്‍ പഠിക്കാന്‍ സൗകര്യവും ചെയ്‌തുകൊടുത്തു. അങ്ങനെയാണ്‌ കെ.സി.എസ്‌.പണിക്കരുടെ കീഴില്‍ മദ്രാസ്‌ സ്കൂള്‍ ഓഫ്‌ ആര്‍ട്‌സില്‍ പഠിച്ചത്‌.

ആര്‍ട്ടിസ്റ്റ്‌ നമ്പൂതിരിയും എം.വി.ദേവനും ഇതേ സ്കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു. മദ്രാസില്‍ ഭക്ഷണത്തിനും താമസത്തിനും വഴിമുട്ടിയപ്പോള്‍ അവിടെ ഹോട്ടല്‍ നടത്തിയിരുന്ന നാട്ടുകാരന്‍ കൃഷ്ണന്‍ നായര്‍ സഹായത്തിനെത്തി.

ആ കുടുംബത്തിലെ അംഗമായി കഴിഞ്ഞ അദ്ദേഹം കൃഷ്ണന്‍ നായരുടെ ബധിരയും മൂകയുമായ മകളെ ജീവിത സഖിയാക്കി. സുധ എന്നൊരു മകളുണ്ടായി. പക്ഷെ, മാനസികമായും ശാരീരികമായും തളര്‍ന്ന ഭാര്യയുടെ ജീവിതം മിക്കവാറും ആശുപത്രിയിലായിരുന്നു.

ജയകേരളം മാസികയിലും പേശുംപടം എന്ന തമിഴ്‌ സിനിമാ മാസികയിലും എ.എസ്‌.കുറച്ചുകാലം ജോലി നോക്കിയിരുന്നു. മികച്ചൊരു കാര്‍ട്ടൂണിസ്റ്റ്‌ കൂടിയായ എ.എസ്‌.നായര്‍ മാതൃഭൂമിയില്‍ ജി.എന്‍.പിള്ളയുമായി ചേര്‍ന്ന്‌ രാമായണ എന്നൊരു കാര്‍ട്ടൂണ്‍ സ്‌ട്രിപ്‌ തയ്യാറാക്കിയിരുന്നു.

അനുഷ്‌ഠാന കലകളും നാടകവുമായിരുന്നു എ.എസിന്‍റെ മറ്റു താത്‌പര്യങ്ങള്‍. മരണം എന്ന പേരില്‍ ഒരു നോവല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

വെബ്ദുനിയ വായിക്കുക