എം.കൃഷ്ണന്‍ നായര്‍- സാഹിത്യത്തിലെ പ്രകാശഗോപുരം

WDWD
മലയാള സാഹിത്യത്തിലെ പ്രകാശ ഗോപുരമായിരുന്നു പ്രൊഫസര്‍ എം.കൃഷ്ണന്‍ നായര്‍-. അദ്ദേഹം ഒരേസമയം വിജ-്ഞാനത്തിന്‍റെ വെളിച്ചം പകരുകയും ലോക സാഹിത്യത്തെ മലയാളിക്ക് അപ്പപ്പോള്‍ പരിചയപ്പെടുത്തുകയും ചെയ്തു.അദ്ദേഹത്തിന്‍റെ ചരമ വാര്‍ഷികമാണ് ഇന്ന്

ടി.വിയും ഇന്‍റര്‍നെറ്റും വരുന്നതിന് മുന്‍പ് ലോകത്തിന്‍റെ വിവിധ കോണുകളിലുണ്ടാകുന്ന സാഹിത്യ പ്രവര്‍ത്തനങ്ങളും പുസ്തകങ്ങളും കൃഷ്ണന്‍ നായര്‍ക്ക് അന്യമായിരുന്നില്ല. അത് അദ്ദേഹം തെളിനീര്‍ പോലെ മലയാളിക്ക് പകര്‍ന്നു നല്‍കുകയും ചെയ്തു.

വായനയുടെ കാര്യത്തില്‍ എന്നുമദ്ദേഹം കാലത്തിനൊപ്പമായിരുന്നു. അറുപത്തഞ്ചിലേറെ വര്‍ഷത്തെ വായനയുടെ സംസ്കാരമാണ് അദ്ദേഹത്തിന്‍റെ മനീഷയെയും പേനയെയും ക്ഷീണിക്കാതെ പിടിച്ചുനിര്‍ത്തിയത്.

സാഹിത്യവാരഫലം എന്ന വിമര്‍ശനാത്മക പംക്തിയിലൂടെ അദ്ദേഹം നാല്‍ പതിറ്റാണ്ടിലൂടെ ആഴ്ചയിലൊരിക്കല്‍ മലയാളിയുടെ മുന്‍പിലേക്ക് കടന്നുവന്നു. 1982 ല്‍ മകന്‍ മരിച്ചപ്പോഴും ഈ പംക്തി അദ്ദേഹം മുടക്കിയില്ല.

ലോകസാഹിത്യത്തില്‍ ഉണ്ടാവുന്ന വികാസ പരിണാമങ്ങള്‍ കൃഷ്ണന്‍ നായരുടെ സാഹിത്യ വാരഫലത്തില്‍ പ്രതിഫലിച്ചുപോന്നു. പില്‍ക്കാലത്ത് പ്രശസ്തരാവുകയും നോബല്‍ പുരസ്കാരങ്ങള്‍ നേടുകയുമൊക്കെ ചെയ്ത ഒട്ടേറെ പേരെ പരിചയപ്പെടുത്തിയത് കൃഷ്ണന്‍ നായരാണ്. ഉദാഹരണം : സരഗാമോ, മാര്‍ക്കേസ്, ബോര്‍ഹസ്, കുറ്റ് സേ, കുന്ദേര.

WDWD
സാധാരണ ഗതിയില്‍ പൊതുജനങ്ങള്‍ക്ക് അത്ര പഥ്യമല്ലാത്ത സാഹിത്യ വിമര്‍ശനം അവര്‍ക്കു മുന്‍പില്‍ രുചികരമായി അവതരിപ്പിച്ചു എന്നത് കൃഷ്ണന്‍ നായരുടെ നേട്ടമാണ്.

അതിനായി അദ്ദേഹം കണ്ടെത്തിയ പല ഉപമകളും ഉല്‍പ്രേക്ഷകളും ചിലപ്പോഴൊക്കെ അരോചകമായി തോന്നിയിരുന്നു.(...എന്ന കഥ വായിക്കുമ്പോള്‍ സുന്ദരിയായ യുവതി നാസികാ നാളി രോമങ്ങള്‍ പിടിച്ചുവലിക്കുന്നതു പോലെ തോന്നുന്നു എന്ന മട്ടില്‍.)

ചിന്താപരമായ ഔന്നത്യവും സ്വാതന്ത്ര്യവും കൃഷ്ണന്‍ നായര്‍ കാത്തുസൂക്ഷിച്ചിരുന്നു. ഒരു തരം പ്രലോഭനങ്ങള്‍ക്കും അദ്ദേഹം വഴങ്ങിയില്ല. പക്ഷെ, വ്യക്തിനിഷ് ഠമായ ചില ഇഷ്ടാനിഷ്ടങ്ങളും വൈകാരിക ആവേശത്തിലുണ്ടാവുന്ന നിന്ദാവചനങ്ങളും അദ്ദേഹത്തിന്‍റെ രചനകളില്‍ കടന്നു കൂടിയിരുന്നു.

സാഹിത്യ രംഗത്തെ മോഷണങ്ങള്‍ ഒരു മറയുമില്ലാതെ കൃഷണന്‍ നായര്‍ അവതരിപ്പിച്ചു. സുഗത കുമാരിയുടെ അമ്പലമണികള്‍ സരോജിനി നായിഡുവിന്‍റെ ദി ബെല്ലിന്‍റെ പകര്‍പ്പാണെന്ന് കൃഷ്ണന്‍ നായര്‍ കണ്ടെത്തി.

ഒ.എന്‍.വി യുടെ കാളവണ്ടി ഭാവനാദരിദ്രമായ കൃതിയാണെന്ന് വിളിച്ചുപറഞ്ഞു..പി.വല്‍സലയുടെ ഗൗതമന്‍ എന്ന നോവല്‍ ജെ.എം.കുറ്റ്സേയുടെ ലൈഫ് ആന്‍റ് ടൈംസ് ഓഫ് മൈക്കല്‍ കെ എന്ന നോവലിന്‍റെ മോഷണമാണെന്ന് അദ്ദേഹം തുറന്നടിച്ചു.






സാഹിത്യത്തിന്‍റെ വിജ്ഞാനകോശമായിരുന്നു കൃഷ്ണന്‍ നായര്‍.പല സാഹിത്യകാരന്മാര്‍ക്കും നോബല്‍ സമ്മാനംപോലുള്ള പുരസ്കാരങ്ങള്‍ കിട്ടുമ്പോള്‍ അവരെകുറിച്ച് ആധികാരികമയി പറയാന്‍ അറിയുന്ന ഒരാള്‍ അദ്ദഹം മാത്രമായിരുന്നു.

1923 മാര്‍ച്ച് 3 ന് തിരുവനന്തപുരത്തെ പൂജപ്പുരയിലാണ് അദ്ദേഹം ജനിച്ചത്.അച്ഛന്‍ വി.കെ.മാധവന്‍ പിള്ള, അമ്മ എല്‍.ശാരദാമ്മ. തിരുവിതാംകൂറിലെ പല സ്ഥലങ്ങളിലായി കോളേജ് വിദ്യാഭ്യാസം നടത്തി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജില്‍ നിന്ന് എം.എ ഒന്നാം ക്ളാസില്‍ ജയിച്ചു.

1978 ല്‍ കോളേജ് പ്രൊഫസറായി ഔദ്യോഗിക ജ-ീവിതത്തില്‍ നിന്ന് വിരമിച്ചു.തിരുവനന്തപുരം സെക്രട്ടറിയേറ്റ് ജ-ീവനക്കാരനായി 5 കൊല്ലം സേവനമനുഷ് ഠിച്ചിട്ടുണ്ട്. സാഹിത്യ സംബന്ധിയായ ലേഖനവൃത്തിക്കുള്ള ഒരു ലക്ഷം രൂപയുടെ ഗോയങ്ക അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 25 ഓളം പുസ്തകങ്ങള്‍ രചിച്ചു. 2006 ഫെബ്രുവരി 23 നു അന്തരിച്ചു

40 കൊല്ലമായി സാഹിത്യവാരഫലം എന്ന സാഹിത്യനിരൂപണ പംക്തി കൈകാര്യം ചെയ്ത കൃഷ്ണന്‍ നായര്‍ ഏറ്റവും കൂടുതല്‍ കാലം സാഹിത്യ പംക്തി കൈകാര്യം ചെയ്യുന്നതില്‍ ലോക റെക്കോഡിന് ഉടമയാണ്. കൗമുദി ബാലകൃഷ്ണനാണ് ആദ്യമായി വാരഫലം പംക്തി തുടങ്ങിവച്ചത്.