അഗ്നി നക്ഷത്രമായി നെരൂദ

ഏകാന്തതയുടെയും മരണത്തിന്‍റെയും കാമത്തിന്‍റെയും കവിയാണ് നെഫ്തലി റിക്കാര്‍ഡോ റെയ്സ് ബസ്വാല്‍ത്തോ എന്ന പാബ്ളോ നെരൂദ. വിശ്വമഹാകവികളിലൊരാളായ നെരൂദയുടെ ജന്മശതാബ്ദി 2004 ല്‍ കഴിഞ്ഞു .ജൂലൈ 12 നാണ് നെരൂദയുടെ ജ-ന്മദിനം .

ചിലിയിലെ പാരല്‍ നഗരത്തില്‍ 1904 ജൂലൈ 12 നാണ് നെരൂദ ജനിച്ചത്. അച്ഛന്‍ റെയില്‍വേ ജീവനക്കാരനായിരുന്നു. അമ്മ അധ്യാപികയും. നെരൂദയ്ക്ക് ജന്മം നല്‍കി അധികം താമസിയാതെ അമ്മ മരിച്ചു.

കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം നെരൂദ അച്ഛനോടൊപ്പം തെമുക്കോ നഗരത്തിലേക്ക് താമസം മാറി. അച്ഛന്‍ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. തെമുക്കോയിലായിരുന്നു നെരൂദയുടെ ബാല്യവും കൗമാരവും. പതിമൂന്നാം വയസില്‍ തന്നെ നെരൂദയുടെ ആദ്യ കവിത വെളിച്ചം കണ്ടു.

1920 ലാണ് പാബ്ളോ നെരൂദ എന്ന പേര് വിശ്വമഹാകവി സ്വീകരിക്കുന്നത്. ചെക്കോസ്ളോവാക്യന്‍ കവിയായ ജാന്‍ നെരൂദയോടുള്ള കടുത്ത ആരാധനയാണ് ഇതിന് നെഫ്താലിയെ പ്രേരിപ്പിച്ചത്.

നയതന്ത്രജ്ഞന്‍

ചിലിയുടെ നയതന്ത്രജ്ഞസ്ഥാനവുമായി നെരൂദയെ ഏതാണ്ട് 25-ാം വയസ്സില്‍ തന്നെ ചിലി സര്‍ക്കാര്‍ ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക് അയച്ചു. ഈ രാജ്യങ്ങളിലെ ജീവിതം, സംസ്കാരം, ചരിത്രം, രാഷ്ട്രീയ ചരിത്രം എന്നിവ നല്‍കിയ അറിവും ഉള്‍ക്കാഴ്ചയും നെരൂദയിലെ സദ്ഭാവനകളെ പ്രചോദിപ്പിച്ചു; ആദര്‍ശപരമായ പ്രതിജ്ഞാബദ്ധതയെ പ്രതിഷ്ഠിച്ചു.

1943 ല്‍ സെനറ്ററായ നെരൂദ തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. പ്രസിഡന്‍റ് ഗോണ്‍സാലസ് വിദേലാസിനെതിരായ പ്രക്ഷോഭത്തില്‍ അദ്ദേഹം പങ്കാളിയായിരുന്നു. ഇതിന്‍റെ പേരില്‍ നെരൂദയ്ക്ക് ഒളിവില്‍ കഴിയേണ്ടിവന്നു.

വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ അലഞ്ഞ നെരൂദ 1952 ലാണ് ചിലിയില്‍ തിരിച്ചെത്തിയത്.


മാനവികതയുടെ; വിപ്ളവത്തിന്‍റെ കവി

സ്പെയിനിലദ്ദേഹം ചെലവഴിച്ച കാലത്ത്, രാഷ്ട്രീയ അട്ടിമറികളും അധിനിവേശങ്ങളും അടിച്ചമര്‍ത്തലുകളും നെരൂദ കണ്ടു. മുസ്സോളിനിയും ഹിറ്റ്ലറും നേതൃത്വം നല്‍കുന്ന ഫാസിസ്റ്റുകള്‍ സ്പെയിനിലെ തിരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ക്കുന്നതു കണ്ടു.

തന്‍റെ ആത്മമിത്രങ്ങളായ മഹാകവി ലോര്‍ക്കയേയും സാംസ്കാരിക പ്രവര്‍ത്തക രേയും ഫാസിസ്റ്റുകള്‍ കൊല്ലുന്നത് കണ്ടു.

ജീവിതത്തിന്‍റെ ദുരന്താനുഭവങ്ങള്‍ എന്നപോലെ പ്രകൃതിയുടേയും നാടിന്‍റേയും പ്രേമത്തിന്‍റേയും സൗന്ദര്യം വാഴ്ത്താനും നെരൂദക്ക് കഴിഞ്ഞു. സമരവീര്യമാര്‍ന്ന കവിതകളാണ് പക്ഷെ നെരൂദയെ വിശ്വമാനവ കവിയാക്കി വളര്‍ത്തിയത്.

മാനവികതയുടെ മഹാകവിയെന്നും വിപ്ളവത്തിന്‍റെ മഹാകവിയെന്നും നെരൂദയെ വിശേഷിപ്പിക്കുന്നു. മാര്‍ക്സിയന്‍ ആദര്‍ശത്തിന്‍റെ പൊന്‍ നൂലിഴകളായിരുന്നു അദ്ദേഹത്തിന്‍റെ കവിതാ മുത്തുകളെ കൂട്ടിയിണക്കി മനുഷ്യസ്നേഹത്തിന്‍റെ ഹാരമാക്കി മാറ്റിയത്.

കാന്‍റോ ജനറല്‍

മഹാഭാരതത്തിനും മറ്റു ഇതിഹാസ കാവ്യങ്ങള്‍ക്കുമൊപ്പം നില്‍ക്കുന്ന ബൃഹദ്കാവ്യമാണ് നെരൂദയുടെ കാന്‍റേ ജനറല്‍. മാനവരാശിയുടെ പ്രത്യേകിച്ച് അമേരിക്കയിലെ മനുഷ്യരുടെ സാമൂഹിക ചരിത്രമാണ് ഈ കൃതിയുടെ ഇതിവൃത്തം.



1925 ല്‍ നോബല്‍ സമ്മാനം നേടിയ ഗബ്രിയേല മിസ്ട്രല്‍ എന്ന അധ്യാപികയാണ് നെരൂദയിലെ കവിയെ കണ്ടെത്തി പ്രോത്സാഹനം നല്‍കിയത്. 1924 ല്‍ ആണ് നെരൂദ തന്‍റെ തന്നെ ആദ്യത്തെ കവിതാസമാഹാരമായ ഇരുപത് പ്രണയഗീതങ്ങളും ഒരു നിരാശാഗീതവും പ്രസിദ്ധീകരിച്ചത്. ഇതാകട്ടെ അക്കാലത്തെ ജനകീയ കാവ്യങ്ങളായി മാറുകയും ചെയ്തു.

വിടവാങ്ങല്‍

1971 ല്‍ നെരൂദക്ക് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.

അടിച്ചമര്‍ത്തലുകള്‍ക്കെതിരെ അടിമത്തത്തിനെതിരെ സാമ്രാജ്യത്തത്തിനെതിരെ, യുദ്ധത്തിനും കലാപങ്ങള്‍ക്കുമെതിരെ, ഒച്ചവെക്കുകയും, മര്‍ദ്ദിതരുടെയും തൊഴിലാളികളുടെയും ഉന്നതിക്കുവേണ്ടി പാടുകയും ചെയ്ത വിശ്വമഹാകവി നെരൂദക്ക് പക്ഷെ സ്വന്തം നാട്ടില്‍ ഈ ഛിദ്രശക്തികള്‍ വേരോടുന്നതു കണ്ട് വേദനിച്ചു മരിക്കാനായിരുന്നു വിധി.

രക്താര്‍ബുദത്തെ തുടര്‍ന്ന് 1973 സെപ്റ്റംബര്‍ 23 ന് ആ വിശ്വമഹാകവി ലോകത്തോട് യാത്രപറഞ്ഞു.

കവിതകളെയും ഓര്‍മ്മക്കുറിപ്പുകളെയും വേര്‍തിരിക്കുന്ന നേര്‍ത്ത അതിരുകള്‍ പലപ്പോഴും അപ്രസക്തമാണ്. ചിന്ത കവിതയാക്കുകയും കവിതയിലൂടെ ചിന്തിക്കുകയും ചെയ്യുന്ന മനുഷ്യന്‍, കവി- അതാണ് നെരൂദ. അങ്ങനെയൊരാള്‍ക്കേ നെരൂദയാകാനുമാവൂ.

വെബ്ദുനിയ വായിക്കുക