കുട്ടിയപ്പന്‍ ചായക്കടയില്‍

വ്യാഴം, 2 മെയ് 2013 (19:49 IST)
PRO
കൂളിംഗ് ഗ്ലാസ്, നല്ല കിടിലന്‍ കുടവയര്‍, ഫ്രഞ്ച് താടി, കടും‌പച്ച നിറത്തിലുള്ള ടി ഷര്‍ട്ട്, മഞ്ഞ പാന്‍റ്, ചുവന്ന ഷൂ. ഇതാണ് കുട്ടിയപ്പന്‍. ഓരോ ചെറിയ കാര്യത്തെക്കുറിച്ചും കാടുകയറിയുള്ള ചിന്തകളാണ് കുട്ടിയപ്പന്‍റെ പ്രത്യേകത.

ഒരുദിവസം, ഓഫീസ് ജോലിക്കിടയില്‍ ബോറടിച്ചപ്പോള്‍ ഒരു ചായകുടിക്കാനായി കുട്ടിയപ്പന്‍ അടുത്തുള്ള ചായക്കടയിലെത്തി. കടയില്‍ ചായകുടിക്കാരുടെ വന്‍ കൂട്ടം തന്നെയുണ്ടായിരുന്നു. അവരെയൊക്കെ കുട്ടിയപ്പന്‍ പുച്ഛത്തോടെ നോക്കി. കുട്ടിയപ്പന്‍റെ സ്റ്റാറ്റസിന് ചേരുന്ന ആരും തന്നെ അവിടെയുണ്ടായിരുന്നില്ല.

അപ്പോഴതാ നില്‍ക്കുന്നു, കുട്ടിയപ്പനെ ക്ലോണ്‍ ചെയ്തതുപോലെ വേറൊരാള്‍. അയാള്‍ക്ക് വലിയ മീശയുണ്ടായിരുന്നു. കോട്ടും ടൈയുമായിരുന്നു വേഷം. കുട്ടിയപ്പന് ബോധിച്ചു, നിലയും വിലയുമുള്ളവരും ഇവിടെ ചായകുടിക്കാന്‍ വരാറുണ്ട്.

പക്ഷേ പിന്നീടാണ് കുട്ടിയപ്പന്‍ ആ അത്ഭുതം ശ്രദ്ധിച്ചത്. അയാള്‍ ചായ കുടിക്കുന്നതോടൊപ്പം മുകളിലേക്ക് പുക ഊതിപ്പറപ്പിക്കുന്നു! പുക എന്നുപറഞ്ഞാല്‍ ഫാക്ടറിക്കുഴലില്‍ നിന്ന് വരുന്നതുപോലെ പുക.

ചായയില്‍ നിന്ന് ഇതിനുമാത്രം പുക എങ്ങനെ കിട്ടുന്നു? ഈ ചായ എന്തെങ്കിലും സ്പെഷ്യല്‍ ചായയാണോ? അങ്ങനെയാണെങ്കില്‍ എന്തുതരം ചായപ്പൊടിയായിരിക്കും ഇതില്‍ ഉപയോഗിച്ചിരിക്കുക? ഈ ചായ ആരോഗ്യത്തിന് ഹാനികരമാണോ?

വേറെയും ചിന്തകളുണ്ടായി കുട്ടിയപ്പന്. ഇയാള്‍ക്ക് വായില്‍ നിന്ന് പുക വരുന്ന എന്തെങ്കിലും അസുഖമാണോ? അങ്ങനെയെങ്കില്‍ എന്തായിരിക്കും ആ അസുഖത്തിന്‍റെ പേര്? എപ്പോഴും ഇങ്ങനെ പുക വരുമെങ്കില്‍ ഇയാള്‍ക്കെതിരെ പൊല്യൂഷനുണ്ടാക്കുന്നു എന്നുപറഞ്ഞ് കേസെടുക്കാമല്ലോ?

പിന്നെയും ചിന്തിച്ചു കുട്ടിയപ്പന്‍. ഇയാളെ ഇവിടെനിന്ന് പിടിച്ചുകൊണ്ടുപോയി ക്യാമറയില്‍ ഷൂട്ട് ചെയ്യാം. വായില്‍ നിന്ന് പുക വരുന്ന അപൂര്‍വ മനുഷ്യന്‍. എന്നിട്ട് യൂട്യൂബില്‍ ഇടാം. എന്തൊരു ഹിറ്റ് ആയിരിക്കും!

എന്തായാലും ഒതുക്കത്തില്‍ തന്‍റെ ഫോണില്‍ അയാളുടെ ഒന്നുരണ്ട് ഫോട്ടോയെടുത്തു കുട്ടിയപ്പന്‍. ഇപ്പോള്‍ മിസായാലും ഇനി എപ്പോഴെങ്കിലും കണ്ടാല്‍ തിരിച്ചറിയണമല്ലോ.

ഏറ്റവും ഒടുവിലാണ് കുട്ടിയപ്പന്‍ ഒരു കാര്യം ശ്രദ്ധിച്ചത്. കോട്ടിട്ട ചായകുടിക്കാരന്‍റെ മറ്റേ കൈയില്‍ എരിയുന്ന സിഗരറ്റ്. അയാള്‍ പെട്ടെന്ന് സിഗരറ്റ് വലിക്കുകയും അതിന് ശേഷം ചായ ഒന്ന് സിപ് ചെയ്തിട്ട് പുക ഊതിപ്പറപ്പിക്കുകയും ചെയ്യുന്നു!

വെബ്ദുനിയ വായിക്കുക