സാറാജോസഫുമായൊരു സംഭാഷണം

WDWD
ബപാസി (ദ ബുക്ക് സെല്ലേഴ്സ് ആന്‍ഡ് പബ്ലിഷേഴ്സ് അസോസിയേഷന്‍ ഓഫ് സൌത്ത് ഇന്ത്യ) നല്‍‌കുന്ന കവിഞ്ജര്‍ കരുണാനിധി പൊര്‍ക്കിഴി പുരസ്കാരം സ്വീകരിക്കാനായി ചെന്നൈയില്‍ എത്തിയ പ്രശസ്ത എഴുത്തുകാരി സാറാജോസഫിന് കേരള വര്‍ക്കിംഗ് ജേര്‍ണലിസ്റ്റിക് അസോസിയേഷന്‍ തമിഴ്‌നാട് ഘടകം (ചെന്നൈ വിഭാഗം) മലയാളി ക്ലബ്ബില്‍ ഒരു സ്വീകരണം നല്‍കുകയുണ്ടായി. സ്വീകരണത്തെ തുടര്‍ന്ന് സാറാജോസഫുമായി മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ സംഭാഷണത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍.

ആമുഖമായി സാറാജോസഫ് സംസാരിച്ചത് -

നമുക്ക് നമ്മുടെ ഭാഷ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോവുന്നത്. ആഗോളവല്‍ക്കരണം വരാന്‍ പോകുന്നു എന്നൊക്കെ പറഞ്ഞ് മുപ്പത്തിയഞ്ച് വര്‍ഷം മുമ്പേ നമ്മള്‍ ചൂടേറിയ ചര്‍ച്ചകളും സംവാദങ്ങളും നടത്തി. ഇന്നിതാ ആഗോളവല്‍ക്കരണം പ്രയോഗഘട്ടത്തില്‍ വന്നുകഴിഞ്ഞിരിക്കുന്നു.

ആഗോളവല്‍ക്കരണത്തിന്റെ ‘ഒളി അജണ്ട’യാണ് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് സാര്‍വത്രികമായി നടക്കുന്ന അഴിച്ചുപണിക്കും സ്വകാര്യ വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിക്കുന്ന പ്രാധാന്യത്തിനും പിന്നില്‍. കുട്ടികള്‍ക്ക് പഠിക്കേണ്ട 27 വിഷയങ്ങളില്‍ ഐച്ഛികമായി എടുക്കേണ്ട ഒന്നായാണ് ഭാഷാപഠനം ഉള്‍‌പ്പെടുത്തിയിരിക്കുന്നത്. ഭാഷ പഠിക്കേണ്ട എന്ന് പറയുന്നത് നിങ്ങള്‍ നിങ്ങളെ പഠിക്കേണ്ട എന്ന് പറയുന്നതിന് തുല്യമാണ്.

ഐച്ഛിക വിഷയമായി ഭാഷാപഠനം ചുരുങ്ങുമ്പോള്‍ അടുത്ത തലമുറയ്ക്ക് നഷ്ടപ്പെടുന്നത് നമ്മുടെ സംസ്കാരവുമായി ബന്ധപ്പെട്ട സൌന്ദര്യബോധവും നൈതികതയുമാണ്. പുതിയ കാലഘട്ടത്തിന്റെ എല്ലാ ഗുണങ്ങളും നമ്മുടെ കുട്ടികള്‍ക്ക് കിട്ടണം. എന്നാല്‍ അത് മാത്രമായി ചുരുക്കുകയും നമ്മുടെ സംസ്കാരം മറന്നുകളയാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ പരിഷ്കരണങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ഭാഷയും സംസ്കാരവും പരിഗണിക്കാതെ ആഗോളപൌരത്വവും ഉന്നം‌വച്ച് കുതിക്കുന്ന ഈ കാലഘട്ടത്തില്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രിയും സാഹിത്യകാരനുമായ കരുണാനിധി ഏര്‍പ്പെടുത്തിയ ഈ പുരസ്കാരം മലയാളത്തിന് ലഭിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്. മുല്ലപ്പെരിയാര്‍ മാത്രമല്ല, തമിഴ്‌നാടിനും കേരളത്തിനുമിടയിലെന്നാണ്‌ ഇതര്‍ഥമാക്കുന്നത്‌. അക്ഷരത്തിനും സാഹിത്യത്തിനും വിദേശങ്ങളില്‍ ലഭിക്കുന്ന ബഹുമാനം ഇന്ത്യയില്‍ ഇല്ല. അതിനാല്‍ തന്നെ അക്ഷരത്തെ ആദരിക്കുന്ന ഈ പുരസ്കാരം എനിക്കേറെ പ്രധാനപ്പെട്ടതാണ്.


WDWD
ചോദ്യം: ‘ഒളി അജണ്ട’ എന്ന് ടീച്ചര്‍ പറഞ്ഞല്ലോ? എന്താണീ ഒളി അജണ്ട? ആരാണിത് നടപ്പിലാക്കുന്നത്?

സാറാജോസഫ്: ആരെങ്കിലും ബോധപൂര്‍വ്വം നടപ്പാക്കുന്ന ഒന്നായിക്കൊള്ളണമെന്നില്ല ഈ ഒളി അജണ്ട. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി സംഭവിക്കുന്നതാണിത്. പൊതുമേഖലകളില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്താണ്? വിദ്യാഭ്യാസം സ്വകാര്യമേഖലയിലേക്ക് മാറുന്നതാണ് നാം കാണുന്നത്. പണമുള്ളവര്‍ക്ക് മാത്രം ലഭിക്കുന്ന ഒന്നായി വിദ്യാഭ്യാസം ചുരുങ്ങുന്നു.

സെക്കണ്ടറി തലം വരെ സൌജന്യ വിദ്യാഭ്യാസത്തിന് അര്‍ഹതയുള്ള ഒരു രാജ്യമാണ് ഇന്ത്യ. ആരെങ്കിലും ഇന്ന് ഇതോര്‍ക്കുന്നുണ്ടോ? സി‌ബി‌എ‌സി പോലുള്ള പേരുകളിലാണ് നമുക്കിന്ന് താല്‍‌പ്പര്യം. പണമുള്ളവന് പഠിക്കാം എന്നാണ് രീതി. വിദ്യാഭ്യാസരംഗത്ത് സ്വകാര്യമേഖലയ്ക്ക് പ്രാധാന്യം കൊടുത്തപ്പോള്‍ സര്‍ക്കാരുകള്‍ക്ക് വേണ്ടത്ര ജാഗ്രത ഉണ്ടായില്ല.


ചോദ്യം: കേരളത്തെ മാത്രം മുന്നില്‍ കണ്ടാണ് ടീച്ചര്‍ സംസാരിക്കുന്നതെന്ന് തോന്നുന്നു. സി‌ബി‌എ‌സി സിലബസ്സും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും അന്യ സംസ്ഥാനങ്ങളിലും അന്യ രാജ്യങ്ങളിലും ജോലി തേടാന്‍ നമ്മുടെ മക്കളെ പ്രാപ്തരാക്കുന്നുണ്ട് എന്ന് മറക്കരുത്. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപങ്ങളേക്കാള്‍ ഗുണനിലവാരം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഉണ്ടെന്നത് മിക്കവരും അംഗീകരിക്കുന്ന കാര്യമാണ്. എന്തുകൊണ്ടാണ് ഗുണനിലവാരത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പിന്നോട്ട് പോവുന്നത്? നമ്മുടെ രാഷ്ട്രീയബോധത്തിന്റെ ഭാഗമായ സംഘടനകളും മറ്റും ഇതില്‍ വലിയൊരു പങ്ക് വഹിക്കുന്നില്ലേ?

സാറാജോസഫ്: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആളുകളേക്കാള്‍ യോഗ്യതയും പ്രാപ്തിയുമുള്ളവരാണ് പി‌എസ്‌സി വഴിയൊക്കെ നിയമനം കിട്ടി സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്. എന്നിട്ടും ഇവിടങ്ങളില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനാവുന്നില്ല. ഇതിന് കാരണം അവരെ ശരിക്ക് പണിയെടുപ്പിക്കുന്നില്ല എന്നതാണ്. അല്ലെങ്കില്‍ പണിയെടുക്കാന്‍ അവരെ വിടുന്നില്ല എന്നും പറയാം. അവരെക്കൊണ്ടു ജോലി ചെയ്യിക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. സംഘടനകളുടെ കയ്യൂക്കും ഇങ്ങനെയൊരു അവസ്ഥയെ സഹായിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനത്തിലെ ജോലി എന്ന് വച്ചാല്‍ എല്ലാത്തിനുമുള്ള അര്‍ഹത നേടി എന്ന കാഴ്ചപ്പാടില്‍ നിന്നാണ് പണിയെടുക്കാത്ത അവസ്ഥയുണ്ടാവുന്നത്.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലാഭത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. തല്ലിപ്പഴുപ്പിക്കലാണ് അവിടത്തെ വിദ്യാഭ്യാസ രീതി. അതാണല്ലോ നമുക്കിപ്പോള്‍ വേണ്ടത്! പൊതുമേഖലാ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസം ശരിയല്ല എന്ന തോന്നല്‍ കൂടിയാവുമ്പോള്‍ എല്ലാം ശരിയായി.

ചോദ്യം: പല കാര്യങ്ങളിലും വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഇടതുപക്ഷമാണല്ലോ ഇപ്പോള്‍ ഭരിക്കുന്നത്. എന്തുകൊണ്ടാണ് അവര്‍ക്ക് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിച്ച് പൊതുമേഖലയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാത്തത്?

സാറാജോസഫ്: ഇടതുപക്ഷ സര്‍ക്കാരിന് വിദ്യാഭ്യാസ രംഗത്ത് പലതും ചെയ്യാന്‍ കഴിയുമായിരുന്നു. കാര്‍ഷികബില്ലും വിദ്യാഭ്യാസബില്ലും ഭൂപരിഷ്കരണബില്ലുമൊക്കെ കൊണ്ടുവന്ന പരിചയമുള്ളതാണ് ഇടതുപക്ഷ പ്രസ്ഥാനം. എന്നാല്‍ ഇപ്പോള്‍ അങ്ങനെയെന്തെങ്കിലും ചെയ്യാന്‍ ഇടതുപക്ഷത്തിന് കഴിയുമെന്ന് തോന്നുന്നില്ല. ഇടതുപക്ഷത്തിന്റെ വിദ്യാഭ്യാസ നയം ഇപ്പോള്‍ ഏറെ കോളിളക്കം ഉണ്ടാക്കിയിരിക്കുകയാണല്ലോ.

ഇടതുപക്ഷ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ പറ്റുമെന്ന് കരുതുന്നില്ല. ക്രിസ്തീയ വിഭാഗങ്ങളിലെ തല്‍‌പ്പരകക്ഷികള്‍ മാത്രമല്ല സര്‍ക്കാരിനെ വിദ്യഭ്യാസനയത്തിന് തുരങ്കം വയ്ക്കുന്നത്. പലരുമുണ്ട് അതിന് പിന്നില്‍. ഞാന്‍ മുമ്പ് പറഞ്ഞതുപോലെ ഇടതുപക്ഷ സര്‍ക്കാരിന് ജാഗ്രത വേണമായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല. ഒരു സര്‍ക്കാരിനും ഒന്നും ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.

ഇടതുപക്ഷ സര്‍ക്കാരില്‍ മുഖ്യമന്ത്രിയായി അച്യുതാനന്ദനുണ്ടെന്ന് മറക്കുന്നില്ല. എന്നാല്‍ അദ്ദേഹത്തിന് മാത്രം എന്ത് ചെയ്യാനാവും? ഭരിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് വേണ്ടത്ര സമയം കിട്ടിയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്.

നല്ലൊരു മുഖ്യമന്ത്രി ഉണ്ടായതുകൊണ്ടു മാത്രം നെല്ലുണ്ടാകണമെന്നില്ല. സര്‍ക്കാരിന് ഭരിക്കാന്‍ സമയം കിട്ടണം. തൃശ്ശൂരിലെ കാര്യം തന്നെ എടുക്കൂ. പുഴക്കല്‍ പാടത്ത്‌ എണ്ണൂറ്‌ ഏക്കര്‍ വയല്‍ നികത്തിയാണ്‌ സ്വകാര്യ സ്ഥാപനം ടൗണ്‍ഷിപ്പ്‌ നിര്‍മിക്കുന്നത്‌. തൃശ്ശൂരിന്റെ നെല്ലറകളില്‍ ഒന്നാണ് അന്യം നിന്നുപോവുന്നത്. സര്‍ക്കാര്‍ ഈ പദ്ധതി തടയണമായിരുന്നു. നെല്ലറ വേണോ ടൗണ്‍ഷിപ്പ്‌ വേണോ എന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്.



WDWD
ചോദ്യം: ഇടതും വലതും കേരളത്തില്‍ മാറിമാറി വരികയാണല്ലോ? ഇടതുപക്ഷ സഹയാത്രിക എന്ന നിലയില്‍ നിലവിലുള്ള ഇടതുപക്ഷ സര്‍ക്കാരിനെ എങ്ങനെ കാണുന്നു? ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാര്‍ ഒരു പരാജയമാണെന്നാണോ ടീച്ചര്‍ പറയുന്നത്?

സാറാജോസഫ്: എന്നെക്കൊണ്ട് അങ്ങനെ പറയിച്ച് ‘സര്‍ക്കാര്‍ പരാജയമാണെന്ന് സാറാജോസഫ്’ എന്ന് എഴുതണമായിരിക്കും അല്ലേ? ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാര്‍ പരാജയമാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല, പറയുകയുമില്ല.

ഞാന്‍ എപ്പോഴും ഇടതുപക്ഷ സഹയാത്രികയാണ്. എന്നാല്‍, സിപിഎമ്മിലോ പുരോഗമന കലാസാഹിത്യ സംഘത്തിലോ ഞാന്‍ അംഗമല്ലെന്ന് മാത്രം.

ചോദ്യം: പിണറായി വിജയന്റെ മകന്‍ വിദേശത്ത് പഠിക്കുന്നതിനെ പറ്റിയൊരു വിവാദ പ്രസ്താവന ടീച്ചര്‍ നടത്തിയിരുന്നില്ലേ?

സാറാജോസഫ്: പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠനം അസാധ്യമാകുന്ന രീതിയിലുള്ള നയങ്ങള്‍ ഇടതുസര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ ഇടതു വിദ്യാര്‍ഥി സംഘടനകള്‍ എന്തു ചെയ്യുന്നു എന്നാണ് ഞാന്‍ ചോദിച്ചത്. പിണറായിയുടെ മകന്റെ കാര്യം ഇതിനിടയില്‍ പരാമര്‍ശിക്കേണ്ടിവന്നു. എന്നാല്‍ പിണറായി വിജയന്റെ മകന്‍ വിദേശത്ത് പഠിക്കുന്ന കാര്യം ഞാന്‍ പരാമര്‍ശിച്ചത് മാത്രമേ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടുള്ളൂ. യഥാര്‍ത്ഥ പ്രശ്നം ആരും ചര്‍ച്ച ചെയ്തില്ല. പിണറായിയുടെ മകന്‍ മാത്രമല്ല, ആരും വിദേശത്ത് പഠിക്കുന്നതിനെ ഞാന്‍ എതിര്‍ക്കില്ല.

ചോദ്യം: ടീച്ചര്‍ക്കെതിരായും വിദേശഫണ്ട് ആരോപണം ഒന്ന് വന്നുവല്ലോ?

സാറാജോസഫ്: ആദിശക്തി തീയറ്റേഴ്സില്‍ ജോലി നോക്കുന്ന എന്റെ മകന്‍ വിനയ് കുമാറെ പറ്റിയാണ് ചോദ്യമെന്ന് കരുതുന്നു. പോണ്ടിച്ചേരിയിലെ ആരോവല്ലിയിലുള്ള ആദിശക്തി തീയറ്റേഴ്സില്‍ ജോലി നോക്കുകയാണ് വിനയ്‍. ടാറ്റയടക്കം പല ഇന്ത്യന്‍ കമ്പനികളുടെയും ഫോര്‍ഡ് ഫൌണ്ടേഷന്റെയുമൊക്കെ സാമ്പത്തിക സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന തീയേറ്റര്‍ ഗ്രൂപ്പാണത്. ഇതാണ് എനിക്കെതിരെ വന്ന വിദേശഫണ്ട് ആരോപണത്തിന്റെ അണിയറക്കഥ.

ചോദ്യം: പാവപ്പെട്ടവരുടെ അത്താണിയാണെന്ന് നാം കരുതിയിരുന്ന ഇടതുപക്ഷം കൂടി പരാജയപ്പെടുന്ന സാഹചര്യത്തില്‍ ഇനിയെന്താണ് പോം‌വഴി?

സാറാജോസഫ്: അങ്ങനെ ഒരവസ്ഥയില്‍ ജനങ്ങള്‍ തന്നെ തെരുവിലിറങ്ങേണ്ടി വരും. നീതിയല്ല, ന്യായമാണ്‌ പലപ്പോഴും രാജ്യത്ത് നടപ്പിലാവുന്നത് എന്നാണ് പല കോടതി വിധികളും പരിശോധിക്കുമ്പോള്‍ മനസ്സിലാവുന്നത്. ഇതിന്റെ കാരണം എനിക്കറിയില്ല. അങ്ങനെയല്ലാതെയുള്ളവയും വരുന്നുണ്ട്‌. എങ്കിലും പൊതുവെ, കോടതി വിധികള്‍ ജനങ്ങള്‍ക്ക്‌ അനുകൂലമായി വരുന്നില്ല. അതുകൊണ്ടുതന്നെയാണ് നീതിയുക്തമായ കോടതിവിധികള്‍ വരുമ്പോള്‍ ജനങ്ങള്‍ പടക്കം പൊട്ടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്നത്.

ചോദ്യം: പൊതുവെ ആളുകള്‍ ഇടതുപക്ഷം എന്ന് പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് പാര്‍ലിമെന്ററി ഇടതുപക്ഷ പാര്‍ട്ടികളെ മാത്രമാണ്. കേരളത്തില്‍ ഭൂപരിഷ്കരണ പോരാട്ടങ്ങളും സമരങ്ങളും നടത്തിയിട്ടുള്ളത് ഈ പാര്‍ട്ടികള്‍ മാത്രമാണോ? എം.എന്‍. വിജയന്‍ മാഷും സുധീഷുമൊക്കെ തുടങ്ങിയ പോരാട്ടം, സിപി‌എമ്മില്‍ സംഭവിച്ചുപോയ എന്തോ ഒരു തെറ്റ് തിരുത്താന്‍ എന്നതുപോലെ ആയിരുന്നു. അപ്പോള്‍ സി‌പി‌എമ്മും സി‌പി‌ഐയും മാത്രമേ ആഗോളവല്‍ക്കരണത്തിനെതിരെ പോരാടാന്‍ ഇവിടെയുള്ളൂ?

സാറാജോസഫ്: തീര്‍ച്ചയായും അല്ല. കേരളത്തില്‍ ആഗോളവല്‍ക്കരണത്തിനെതിരെ, പരിസ്ഥിതി ചൂഷണത്തിനെതിരെ ഒക്കെ സമരം നടത്തിയിട്ടുള്ള അനേകം ചെറിയ ഗ്രൂപ്പുകളുണ്ട്. ഇവയൊക്കെയും ഇടതുപക്ഷത്തിനുള്ളിലുള്ള സംഘങ്ങളാണ്. പല ഗ്രൂപ്പുകളായുള്ള തീവ്ര ഇടത് ഗ്രൂപ്പുകള്‍ ഇവിടെയുണ്ട്. എന്‍‌ജി‌ഓകള്‍ ഉണ്ട്. ഇവരൊക്കെ ഇടതുപക്ഷത്തില്‍ പെടുന്നു. ഇങ്ങനെ ഇടതുപക്ഷത്തുള്ള എല്ലാ ചെറു കൂട്ടായ്മകളും കൂടിയാണ് കേരളത്തില്‍ പോരാടുന്നത്.


ഫോട്ടോകള്‍ - സാജന്‍ വി‌ മണി)