പകയുടെയും പ്രതികാരത്തിന്‍റെയും ഇതിഹാസമായി ഒരു മോഹന്‍ലാല്‍ സിനിമ!
വെള്ളി, 10 ഓഗസ്റ്റ് 2018 (17:36 IST)
ഒറ്റപ്പെട്ട ഒരു വീട് ഒരിക്കല്‍ എംടി കണ്ടു. സമീപത്തെങ്ങും മറ്റ് വീടുകളില്ല. ആ വീട്ടില്‍ വളരെ കുറച്ച് മനുഷ്യര്‍ ജീവിക്കുന്നുണ്ട്. അവര്‍ എങ്ങനെ ഇങ്ങനെ ഒരു സ്ഥലത്ത് എത്തിയിട്ടുണ്ടാവും? എന്താവും അവരെ ഇവിടെ പിടിച്ചുനിര്‍ത്തിയിട്ടുണ്ടാവുക?. സമൂഹവുമായി അധികം ബന്ധമൊന്നുമില്ലാത്ത അവരുടെ ജീവിതം എങ്ങനെയായിരിക്കും?
ഈ ചിന്തയാണ് എം ടിയെ ഭരിച്ചത്. അതില്‍ നിന്നാണ് ‘താഴ്‌വാരം’ എന്ന എക്കാലത്തെയും മികച്ച മലയാള ചിത്രങ്ങളിലൊന്നിന്‍റെ തുടക്കം. നാണുവേട്ടനും മകള്‍ കൊച്ചൂട്ടിയും ജീവിക്കുന്ന വീടായി എംടി ആ കാഴ്ച മനസില്‍ കണ്ടു. നാണുവേട്ടനായി ശങ്കരാടിയെയും കൊച്ചൂട്ടിയായി സുമലതയെയും നമ്മള്‍ പ്രേക്ഷകരും കണ്ടു.
ആ വീട്ടിലേക്ക് രണ്ട് അപരിചിതര്‍ എത്തുന്നു. രാജു എന്ന രാഘവനും അയാളെ തേടി ബാലനും. രാജുവിനെ കൊല്ലാനാണ് ബാലന്‍ വന്നിരിക്കുന്നത്. ആയാളുടെ ഉള്ളില്‍ പ്രതികാരം ആളുന്നുണ്ട്. തനിക്ക് എല്ലാം നഷ്ടമാക്കിയവനെ ഇല്ലാതാക്കിയേ അടങ്ങൂ എന്ന ഭാവം. രാജുവാകട്ടെ, എങ്ങനെയും ബാലനെ കൊലപ്പെടുത്തി രക്ഷപ്പെടാനാണ് ശ്രമം.
‘കൊല്ലാന്‍ അവന്‍ ഇനിയും ശ്രമിക്കും, ചാവാതിരിക്കാന്‍ ഞാനും’ എന്ന് ഒരിക്കല്‍ ബാലന്‍ പറയുന്നുമുണ്ട്. ബാലനായി മോഹന്‍ലാലും രാജുവായി സലിം ഗൌസും നിറഞ്ഞുനിന്നു താഴ്‌വാരത്തില്‍. രണ്ടുകഥാപാത്രങ്ങള്‍ തമ്മില്‍ മനസുകൊണ്ടും ശരീരങ്ങള്‍ കൊണ്ടും നടത്തുന്ന സംഘട്ടനങ്ങളുടെ ചിത്രീകരണമായിരുന്നു താഴ്‌വാരം. ജോണ്‍സന്‍റെ പശ്ചാത്തല സംഗീതം ഈ സിനിമയെ ഉദ്വേഗഭരിതമാക്കിത്തീര്‍ക്കുന്നു.
വി ബി കെ മേനോന്‍ നിര്‍മ്മിച്ച ഈ സിനിമ അട്ടപ്പാടിയിലാണ് ചിത്രീകരിച്ചത്. ഒറ്റപ്പെട്ട ഒരു വീടും പ്രത്യേകതയുള്ള ഭൂമികയും തേടി എം ടിയും ഭരതനും നിര്‍മ്മാതാവും ഏറെ അലഞ്ഞു. അട്ടപ്പാടിയില്‍ ഒരു ഗസ്റ്റ് ഹൌസില്‍ ഭക്ഷണം കഴിച്ച് വാഷ് ബേസിനില്‍ കൈകഴുകി ഭരതന്‍ തിരിഞ്ഞുനോക്കുമ്പോള്‍, അതാ തൊട്ടുമുന്നില്‍ താഴ്‌വാരത്തിന്‍റെ ലൊക്കേഷന്‍ !
ഒരു ഒറ്റപ്പെട്ട വീടും മൂകത തളം കെട്ടിനില്‍ക്കുന്ന പരിസരവും. മറ്റൊരു കാഴ്ചയോ മറ്റൊരു ചിന്തയോ മനസില്‍ ഇടംപിടിക്കും മുമ്പ് ഭരതന്‍ പറഞ്ഞു - ഇതാണ് താഴ്‌വാരത്തിന്‍റെ ലൊക്കേഷന്‍. വേണുവായിരുന്നു ഛായാഗ്രഹണം. ക്ലിന്‍റ് ഈസ്‌റ്റുവുഡ് ചിത്രങ്ങളിലെ ഛായാഗ്രഹണ രീതിയാണ് വേണു ഈ സിനിമയില്‍ പരീക്ഷിച്ചത്. തികച്ചും റോ ആയ ഒരു സിനിമയായിരുന്നു ഭരതന്‍റെയും വേണുവിന്‍റെയും മനസില്‍.
ഭരതന്‍ എന്ന സംവിധായകന്‍റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി താഴ്‌വാരത്തെ വിലയിരുത്താം. തിരക്കഥ വായിക്കുമ്പോള്‍ തന്നെ ഭരതന്‍ ദൃശ്യങ്ങള്‍ അതേപടി മനസില്‍ കണ്ടു. എം ടി പറഞ്ഞിട്ടുണ്ട്, ബാലന്‍ ഒരു സായന്തനത്തില്‍ അടിവാരത്ത് ഒരു ലോറിയില്‍ എത്തിച്ചേരുന്ന രംഗം വിവരിച്ച കഥ. അത് കേട്ടിരുന്ന ഭരതന്‍ പറഞ്ഞു, അപ്പോള്‍ അവിടെ നേരിയ തോതില്‍ ഇരുള്‍ വീണിരിക്കും. അകലെ ഒരു മാടക്കടയില്‍ മഞ്ഞനിറത്തില്‍ വിളക്കെരിയും. ഫ്രെയിമില്‍ ആ മഞ്ഞ നിറത്തിന്‍റെ പകര്‍ച്ച!
താഴ്‌വാരം ബോക്സോഫീസില്‍ വലിയ വിജയമായില്ല. പക്ഷേ, ജനമനസുകളില്‍ പകയുടെയും പ്രതികാരത്തിന്‍റെ ഇതിഹാസമായി താഴ്‌വാരം നില്‍ക്കുന്നു.