മലയാള സിനിമയുടെ ബോക്സ്ഓഫിസ് ജാതകം തിരുത്തി എഴുതിയ ചിത്രമായിരുന്നു ജോഷി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ 'നായർസാബ്'. മൂന്നും നാലും ഷോ കളിച്ച തിയേറ്ററുകളില്‍ സ്പെഷല്‍ ഷോ തരംഗം തീര്‍ത്തതു ഈ മമ്മൂട്ടി ചിത്രമായിരുന്നു. എന്നാൽ, പ്രേക്ഷകർ സ്വീകരിച്ച നായർസാബ് എന്ന ചിത്രത്തിന് പിന്നിൽ മറ്റൊരു കഥയുണ്ട്.
1988ൽ നിർമാതാവ് പി കെ ആർ പിള്ള അനൗൺസ് ചെയ്തത് രണ്ട് ചിത്രങ്ങളായിരുന്നു. അതിൽ ഒന്ന് ജോഷി - മമ്മൂട്ടി കൂട്ടുകെട്ടിൽ ഉള്ള 'നായർസാബ്'. മറ്റൊന്ന് പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിൽ ഉള്ള 'ചിത്രം'. രണ്ടും അത്യാവശ്യം ബിഗ് ബജറ്റ് ചിത്രങ്ങൾ തന്നെയായിരുന്നു. രണ്ട് ചിത്രങ്ങളും രണ്ട് മാസത്തെ ഗ്യാപ്പിലാണ് ചിത്രീകരണം തുടങ്ങേണ്ടത്.
നായർസാബിന്റെ ചിത്രീകരണം തുടങ്ങിയത് കാശ്മീരിലായിരുന്നു. വലിയ താരനിരയിൽ വൻ ബജറ്റ് ആവശ്യം വരുന്ന ചിത്രമായിരുന്നു നായർസാബ്. അതോടൊപ്പം സ്ഥിരം ലെവലിൽ നിന്നും മാറി അത്യാവശ്യം വലിയ ക്യാൻവാസിൽ തന്നെയായിരുന്നു 'ചിത്ര'ത്തിന്റേയും ചിത്രീകരണം. രണ്ട് ചിത്രങ്ങളും ഒരുമിച്ച് നിർമിച്ചാൽ വലിയ സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കുമെന്ന ഭയം നിർമാതാവിനുണ്ടായി.
അങ്ങനെയാണ് നായർസാബ് എന്ന ചിത്രം, പി കെ ആർ പിള്ള ലിബർട്ടി ബഷീറിനെ ഏൽപ്പിച്ചത്. മോഹൻലാലിന്റെ 'ചിത്രം' പുതിയ ചരിത്രം എഴുതിയപ്പോൾ മമ്മൂട്ടിയുടെ 'നായർസാബ്' ബോക്സ് ഓഫീസ് പിടിച്ചുകുലുക്കി. മമ്മൂട്ടിയ്ക്കൊപ്പം സുരേഷ് ഗോപി, മുകേഷ്, ഗീത, സുമലത, ലിസി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989ലാണ് നായർസാബ് പുറത്തിറങ്ങിയത്.