1990 ജൂണ്‍ 22നാണ് കളിക്കളം പ്രദര്‍ശനത്തിനെത്തിയത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന് കൃത്യമായ ഒരു പേരില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഓരോ സാഹചര്യത്തിലും ഓരോ പേരാണ്. ശങ്കര്‍, ആന്‍റണി, ടോണി ലൂയിസ്, ഗൌതമന്‍, പപ്പന്‍, വാസുദേവന്‍, രാമകൃഷ്ണന്‍ എന്നിങ്ങനെയാണ് പേരുകള്‍. പല പേരുകളില്‍ മാത്രമല്ല, പല വേഷത്തിലും രൂപത്തിലും മമ്മൂട്ടി ഈ സിനിമയില്‍ എത്തുന്നുണ്ട്, മോഷണം നടത്തുന്നുണ്ട്.
സാധാരണ കുറ്റാന്വേഷണ സിനിമകളുടെ തിരക്കഥാകൃത്തായ എസ് എന്‍ സ്വാമിയുടെ വ്യത്യസ്തമായ ഒരു രചനയായിരുന്നു കളിക്കളം. സമൂഹത്തില്‍ അഴിമതി നടത്തുന്ന കോടീശ്വരന്‍മാരെയും പൊലീസിനെയും അതിവിദഗ്‌ധമായി കബളിപ്പിക്കുന്ന നന്‍മയുള്ള കള്ളനെ സൃഷ്ടിക്കുന്നതില്‍ സ്വാമി വിജയിച്ചു. യഥാര്‍ത്ഥത്തില്‍ കായംകുളം കൊച്ചുണ്ണിയുടെ കഥ ഒന്ന് മാറ്റിപ്പിടിച്ചതായിരുന്നു എസ് എന്‍ സ്വാമി. പതിവ് രീതികളില്‍ നിന്ന് വേറിട്ട ട്രീറ്റുമെന്‍റാണ് സത്യന്‍ അന്തിക്കാടും ഈ സിനിമയ്ക്കായി സ്വീകരിച്ചത്.