മത്സ്യത്തൊഴിലാളികളെ അപമാനിച്ച സിനിമയാണ് ചെമ്മീൻ! അമ്പതാം വാർഷികം ആഘോഷിക്കാൻ സർക്കാരിനെ അനുവദിക്കില്ലെന്ന് ധീവരസഭ

വെള്ളി, 17 ഫെബ്രുവരി 2017 (16:09 IST)
ദേശീയതലത്തിലും, സംസ്ഥാനതലത്തിലും മികവു തെളിയിച്ച പ്രതിഭകളെ അണിനിരത്തികൊണ്ട് രാമു കാര്യാട്ട് എന്ന അതുല്യ പ്രതിഭ തയ്യാറാക്കിയ സിനിമയാണ് ചെമ്മീൻ. മലയാള സിനിമയെന്ന് പറയുമ്പോൾ മലയാളികൾക്ക് മാത്രമല്ല, ഇന്ത്യൻ സിനിമയ്ക്ക് തന്നെ ഒരുപക്ഷേ ആദ്യം ഓർമ വരിക ഈ ക്ലാസിക് സിനിമയാകും. ചെമ്മീൻ എങ്ങനെയാണ് ക്ലാസിക് പടമാകുന്നതെന്ന് ചോദിച്ചാൽ, കാലാതീതമായ ഒരു പ്രണയകഥ സിനിമയാകുന്നു, അത് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്നു എന്ന് തന്നെ ഉത്തരം.
 
ചെമ്മീന്‍ സിനിമ ഇറങ്ങിയിട്ട് അമ്പത് വർഷം പൂർത്തിയായിരിക്കുകയാണ്. സിനിമയുടെ അമ്പതാം വാര്‍ഷികം സര്‍ക്കാര്‍ ആഘോഷിച്ചാല്‍ തടയുമെന്ന് ധീവരസഭ വ്യക്തമാക്കുന്നു. സാംസ്‌കാരിക വകുപ്പ് സിനിമയുടെ വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങ് ഉപേക്ഷിക്കണമെന്നും ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ വ്യക്തമാക്കി.
 
ചെമ്മീന്‍ സിനിമ മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്നുവെന്നാണ് ഇവരുടെ കണ്ടെത്തൽ. അതുകൊണ്ട് ഇത്തരത്തിലൊരു ചടങ്ങ് നടത്തുന്നതില്‍ തങ്ങള്‍ പ്രതിഷേധിക്കുമെന്നുമാണ് ധീവരസഭ പറയുന്നത്. ഇന്നലെ ആലപ്പുഴയില്‍ ചെമ്മീന്‍ സിനിമയുടെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നതിനായുളള സ്വാഗത സംഘം രൂപീകരണ യോഗം നടന്നിരുന്നു. സിനിമ ഇറങ്ങിയ കാലം മുതല്‍ പല വിവാദങ്ങളും ഇതിനെ വിടാതെ പിന്‍കൂടിയിരുന്നു. 
 
ചെമ്മീന്‍ എന്ന നോവലും സിനിമയുമായി ഭൂമിശാസ്ത്രപരമായി ബന്ധപ്പെട്ട് കിടക്കുന്ന പുറക്കാട്, നീര്‍ക്കുന്നം, ചള്ളി കടപ്പുറം എന്നീ സ്ഥലങ്ങളെ ബന്ധപ്പെടുത്തിയാണ് അമ്പതാം വാര്‍ഷികത്തിന്റെ പരിപാടികള്‍ സാസ്‌കാരിക വകുപ്പ് ആലോചിച്ചിക്കുന്നത്. തകഴിയുടെ ചെമ്മീന്‍ എന്ന നോവലിനെ ആസ്പദമാക്കി എസ്എല്‍ പുരം സദാനന്ദന്റെ തിരക്കഥയില്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത സിനിമ പുറത്തിറങ്ങുന്നത് 1965ലാണ്.
 
അഭിനേതാക്കളുടെ മികവുറ്റ അഭിനയ മുഹൂര്‍ത്തങ്ങളും സര്‍വ്വോപരി രാമു കാര്യാട്ടിന്റെ കുറ്റമറ്റ സംവിധാന പാടവവും ഈ സിനിമയെ ദേശീയ പുരസ്‌കാരത്തിനും ഇന്ത്യയിലെ ഏറ്റവും മികവേറിയ പത്തു സിനിമകളില്‍ ഒന്നെന്ന ബഹുമതിക്കും കാരണമാക്കി. അതിന്റെ അമ്പതാം വര്‍ഷമാണ് ഇപ്പോള്‍ കടന്ന് പോകുന്നത്. 

വെബ്ദുനിയ വായിക്കുക