മോഹന്‍ലാല്‍ മാജിക് തെലുങ്കിലും; ടെറിഫിക് ഹിറ്റ്, മന്യം പുലി 100 കോടിയിലേക്ക്!

ശനി, 3 ഡിസം‌ബര്‍ 2016 (17:30 IST)
ടെറിഫിക്! ഈ വിജയത്തിന് മറ്റൊരു വിശേഷണമില്ല. പുലിമുരുകന്‍റെ തെലുങ്ക് പതിപ്പായ ‘മന്യം പുലി’ക്ക് ആന്ധ്രയിലും തെലങ്കാനയിലും തകര്‍പ്പന്‍ സ്വീകരണം. 350ലധികം തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്.
 
സമീപകാലത്ത് ആന്ധ്രയിലും തെലങ്കാനയിലും ഒരു തെലുങ്ക് സിനിമയ്ക്ക് ലഭിച്ചതിനേക്കാള്‍ വമ്പന്‍ വരവേല്‍പ്പാണ് ഈ ഡബ്ബിംഗ് പതിപ്പിന് ലഭിക്കുന്നത്. റിലീസായ എല്ലാ കേന്ദ്രങ്ങളിലും എല്ലാ ഷോയും ഹൌസ്ഫുള്ളാണ്. ഹൈദരാബാദില്‍ എല്ലാ സെന്‍ററുകളിലും രണ്ടിലധികം എക്സ്ട്രാ ഷോകളാണ് നടത്തുന്നത്.
 
കൂടുതല്‍ തിയേറ്ററുകളിലേക്ക് മന്യം പുലി വ്യാപിക്കുമെന്നാണ് വിവരം. കുറഞ്ഞത് 500 തിയേറ്ററുകളിലേക്കെങ്കിലും ഈ മോഹന്‍ലാല്‍ സിനിമ എത്തും. ഈ രീതിയിലുള്ള ജനത്തിരക്ക് തുടര്‍ന്നാല്‍ മന്യം പുലി ആന്ധ്രയില്‍ നിന്നും തെലങ്കാനയില്‍ നിന്നും മാത്രമായി 100 കോടി ക്ലബിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
തെലുങ്ക് നാട്ടിലെ മുക്കിലും മൂലയിലും മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനുകള്‍ രൂപം കൊള്ളുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. ചിരഞ്ജീവി, നാഗാര്‍ജ്ജുന, വെങ്കിടേഷ് ത്രയങ്ങളുടെ ഗണത്തിലേക്കാണ് ഇപ്പോള്‍ തെലുങ്ക് പ്രേക്ഷകര്‍ മോഹന്‍ലാലിനെയും പ്രതിഷ്ഠിച്ചിരിക്കുന്നത്.
 
എല്ലാ വര്‍ഷവും ഒന്നോ രണ്ടോ തെലുങ്ക് സിനിമകള്‍ ഇനി മോഹന്‍ലാലില്‍ നിന്ന് തെലുങ്ക് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ജനതാ ഗാരേജ് സംവിധാനം ചെയ്ത കൊരട്ടാല ശിവ തന്‍റെ അടുത്ത സിനിമയിലും മോഹന്‍ലാലിനെ പ്രധാന റോളിലേക്ക് കിട്ടാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക