മോഹന്‍ലാല്‍ നായകനായ ഒരു സിനിമ മൂന്ന് ഭാഷകളില്‍ ഒരേ ദിവസം ഇറങ്ങി. പൃഥ്വിരാജിന്‍റെ മണിരത്നം ചിത്രം രാവണിന് ശേഷം ആദ്യമായാണ് ഒരു മലയാള നടന്‍റെ കാര്യത്തില്‍ ഇങ്ങനെ ഒരു സംഭവം. മലയാളത്തില്‍ ‘വിസ്മയം’, തെലുങ്കില്‍ മനമന്ത, തമിഴില്‍ നമദു എന്നിങ്ങനെയായിരുന്നു പേരുകള്‍.
യഥാര്‍ത്ഥത്തില്‍ ഇതൊരു തെലുങ്ക് ചിത്രമാണ്. തെലുങ്കിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ചന്ദ്രശേഖര്‍ യേലേട്ടിയാണ് ഈ കുടുംബചിത്രം ഒരുക്കിയത്. എന്തായാലും കേരളത്തില്‍ വിസ്മയം സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ്.
ചിത്രം ആദ്യ ദിവസം കേരളത്തില്‍ നിന്ന് സ്വന്തമാക്കിയത് 68 ലക്ഷം രൂപയാണ്. എന്നാല്‍ രണ്ടാം ദിവസം അത്ഭുതം നടന്നു. കളക്ഷനില്‍ അമ്പത് ശതമാനത്തോളം വര്‍ദ്ധനവുണ്ടായി. 90 ലക്ഷം രൂപയാണ് രണ്ടാം ദിവസം വിസ്മയം സ്വന്തമാക്കിയത്. രണ്ടുദിവസത്തെ കളക്ഷന്‍ 1.58 കോടി രൂപ.
മോഹന്‍ലാലിന്‍റെ വമ്പന്‍ ജനപ്രീതിയും കുടുംബസിനിമയെന്ന പേരുസമ്പാദിച്ചതുമാണ് വിസ്മയത്തിന് തുണയായത്. ഡബ്ബ് ചെയ്ത് വരുന്ന സിനിമകള്‍ക്ക് ആദ്യ ദിനം കളക്ഷന്‍ നല്ല രീതിയില്‍ വരുമെങ്കിലും രണ്ടാം ദിനത്തില്‍ കളക്ഷന്‍ ഇടിയുന്നതാണ് പതിവായി കണ്ടുവരുന്ന ട്രെന്‍ഡ്. എന്നാല്‍ വിസ്മയത്തിന്‍റെ കാര്യത്തില്‍ അത് മാറുകയാണ്. രണ്ടാം ദിവസം മുതല്‍ കളക്ഷനില്‍ വമ്പന്‍ കുതിപ്പ്.
എന്തായാലും വിസ്മയത്തിന് അപ്രതീക്ഷിതമായി ലഭിച്ച ഈ വന്‍ വരവേല്‍പ്പ് മോഹന്‍ലാല്‍ ക്യാമ്പിനെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.