ഒരേ കഥ, 2 സംവിധായകര്‍ തിരിച്ചും മറിച്ചും ചെയ്തു; മോഹന്‍ലാലിനും സുരേഷ്ഗോപിക്കും മെഗാഹിറ്റുകള്‍ !

ചൊവ്വ, 22 ഓഗസ്റ്റ് 2017 (17:19 IST)
കാലം 1991. ‘കിലുക്കം’ എന്ന സിനിമയുടെ കഥ പ്രിയദര്‍ശന്‍ ആലോചിച്ചുകൊണ്ടിരിക്കുന്ന സമയം. കഥയില്‍ എങ്ങും ലാന്‍ഡ് ചെയ്യാന്‍ കഴിയുന്നില്ല. അങ്ങനെയിരിക്കെയാണ് സംവിധായകന്‍ ഫാസിലുമായി പ്രിയദര്‍ശന്‍ സംസാരിക്കാന്‍ ഇടവന്നത്. ഫാസില്‍ അപ്പോള്‍ ‘എന്‍റെ സൂര്യപുത്രിക്ക്’ ചെയ്തുകൊണ്ടിരിക്കുകയാണ്. കഥയൊന്നുമായില്ലെന്ന് പ്രിയന്‍ പറയുന്നതുകേട്ട് ഫാസില്‍ പറഞ്ഞത് ഇങ്ങനെയാണ്:
 
“എന്‍റെ സൂര്യപുത്രി അമ്മയെ തിരഞ്ഞുപോകുന്ന മകളുടെ കഥയാണ്. അച്ഛനെ തിരഞ്ഞുപോകുന്ന മകളെ പരീക്ഷിക്കൂ” - ഫാസില്‍ അത്ര കാര്യമായിട്ടല്ല പറഞ്ഞതെങ്കിലും പ്രിയദര്‍ശനെ അത് സ്പര്‍ശിച്ചു.
 
കിലുക്കം എന്ന ചിത്രം അതുതന്നെയായിരുന്നു. രേവതി അവതരിപ്പിക്കുന്ന നന്ദിനി എന്ന കഥാപാത്രം അച്ഛനെ തിരഞ്ഞുപോകുന്ന കഥ. ഗൈഡ് ജോജിയും സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ നിശ്ഛലും കിട്ടുണ്ണിയുമെല്ലാം ഈ കഥയിലേക്കുള്ള വഴികള്‍ മാത്രം.
 
കിലുക്കം മെഗാഹിറ്റായി, സൂര്യപുത്രിയും. പക്ഷേ സമാനസ്വഭാവമുള്ള കഥയാണെങ്കിലും ഒറ്റനോട്ടത്തില്‍ എവിടെയും സമാനത കാണാനാവില്ല എന്നതാണ് പ്രത്യേകത. സൂര്യപുത്രി കൂടുതല്‍ ഗൌരവഭാവമണിഞ്ഞപ്പോള്‍ കിലുക്കം ചിരിക്കിലുക്കമായിത്തീര്‍ന്നു.

വെബ്ദുനിയ വായിക്കുക