പ്രണയം കുറുക്കിയെഴുതിയ വരികൾ, വാക്കുകളെ കടം കൊണ്ടവർക്ക് അറിയുമോ ഇതെവിടെ നിന്നെന്ന്?

തിങ്കള്‍, 22 ഓഗസ്റ്റ് 2016 (15:13 IST)
'പ്രണയം പറഞ്ഞിട്ടു വേണം
പ്രണയത്തിന്റെ കഥ കേൾക്കാൻ
കണ്ണാടി പോലതു മൂകം
വാചാലവും'
 
ഈ വാക്കുകൾ അത്രവേഗം മറക്കാൻ ആർക്കും മറക്കാൻ കഴിയില്ല. പ്രത്യേകിച്ചും പ്രണയിക്കുന്നവർക്ക്, പ്രണയത്തെ അറിയുന്നവർക്ക്. പ്രണയത്തെ ഉദാത്തമായ കാവ്യലോകമായി കണ്ടിരുന്ന ഒരു കവിയുണ്ടായിരുന്നു ഈ ലോകത്ത്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പ്രണയത്തെ പുതിയ ഊർജ്ജത്തോടെ ഇപ്പോഴും കാണുന്നവരുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളാണവ. സൂഫിസത്തിന്റേയോ, ഇസ്ലാമിന്റേയോ മറ്റേതെങ്കിലും മതത്തിന്റെയോ മാത്രം വീക്ഷണം പുലർത്തുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ ലോകം. അത് വിശ്വസ്നേഹത്തിലും ഏകദൈവത്തിന്റെ അനന്യതയിലും ഊന്നിയതാണ്. 
 
ഇപ്പോൾ തന്നെ ആ വ്യക്തി ആരാണെന്ന് മനസ്സിലാകും. വിശേഷണങ്ങൾ ഒരുപാടൊന്നും വേണ്ട. അതിന്റെ ആവശ്യമില്ല എന്നു പറയുന്നതാകാം ശരി. അതെ, അദ്ദേഹമാണ് റൂമി. റൂമി എന്ത് പറഞ്ഞാലും അതില്‍ പ്രണയം നിറഞ്ഞ് നില്‍ക്കും. അത് പ്രാര്‍ഥനയായി വളര്‍ന്ന് അനുവാചക ഹൃദയങ്ങളില്‍ പൂന്തോട്ടം തീര്‍ക്കും. മനുഷ്യനും ദൈവവും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് റൂമി പറയുന്നുണ്ട്. അത് കേള്‍ക്കുന്നവർ പ്രണയത്തെ മാത്രമല്ല, ജീവിതത്തേയും വ്യത്യസ്തമായ രീതിയിൽ നോക്കി കാണും. അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഒരിക്കലെങ്കിലും ചെവി കൊടുക്കുന്നവർക്ക് അങ്ങനയേ കഴിയുകയുള്ളു. അതാണതിന്റെ ശക്തി. ശരിക്കും പറഞ്ഞാൽ കാന്തം പോലെ. 
 
''എഴുന്നേറ്റു നടന്നാട്ടെ.
കാലുകൾ കുഴഞ്ഞോട്ടെ, ദേഹം തളർന്നോട്ടെ
ഒരു മുഹൂർത്തം വരും
നിങ്ങൾക്കു ചിറകു മുളയ്ക്കുന്നതു നിങ്ങളറിയും,
ഉടൽ നിലം വിടുന്നതു നിങ്ങളറിയും''
 
മൗലാന ജലാൽ അദ്ദീൻ മുഹമ്മദ് റൂമി അഥവാ മൗലാന ജലാൽ അദ്ദീൻ മുഹമ്മദ് ബാൽക്കി (1207-1273) പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ കവിയും സൂഫി സന്യാസിയുമായിരുന്നു. ഇന്നത്തെ അഫ്‌ഗാനിസ്ഥാനിലുള്ള ബാൽഖ് പ്രവിശ്യയിലാണ് അദ്ദേഹം ജനിച്ചത്. ജീവിത്തിന്റെ ഏറിയ പങ്കും ഇന്നത്തെ തുർക്കിയിലായിരുന്നു. അദ്ദേഹത്തിന്റെ കവിതകളും അദ്ധ്യാപനങ്ങളും വിശ്വോത്തരവും ഒട്ടനേകം ലോകഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടവയുമാണ്. റൂമിയുടെ ആത്മീയ ഈരടികൾ എന്നറിയപ്പെടുന്ന കൃതിയാണ് ഇദ്ദേഹത്തിന്റെ രചനകളിൽ ഏറ്റവും പ്രശസ്തമായത്.
 
മംഗോളിയൻ പടയോട്ടത്തെ തുടർന്ന് പിതാവിനൊപ്പം ബൽഖ് വിട്ടു. ഈ അവസരത്തിലാണ് അത്തർ എന്ന വിഖ്യാത സൂഫി കവിയെ നിഷാപ്പുർ പട്ടണത്തിൽ വച്ചു റൂമി കണ്ടുമുട്ടുന്നതും സൂഫി പാതയിൽ ആകൃഷ്ടനാവുന്നതും. ഈ കൂടിക്കാഴ്ച റൂമിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറുകയായിരുന്നു. പിന്നീട് പ്രശസ്തനായ സൂഫി, മുഹമ്മദ് ഷംസ് തബ്രീസിയുടെ ശിക്ഷണത്തിലായി. ഇതിനിടയിലായിരുന്നു രചനകൾ.
 
''സ്നേഹത്തിന്റെ രാജ്യം മറ്റെല്ലാ മതങ്ങളിൽ നിന്നും വ്യത്യസ്തമാണ്
സ്നേഹിക്കുന്നവന്റെ മതവും രാജ്യവും സ്നേഹിക്കപ്പെടുന്നവൻ മാത്രം
സ്നേഹിക്കുന്നവന്റെ ലക്ഷ്യവും മറ്റെല്ലാ ലക്ഷ്യങ്ങളിൽ നിന്നും വിഭിന്നം
സ്നേഹമാണ് ദൈവത്തിന്റെ നിഗൂഢതയിലേക്കുള്ള ദൂരദർശിനിയും''
                                                                                      
അടിമത്തത്തേയും ബഹുഭാര്യത്വത്തേയും അദ്ദേഹം എതിർത്തിരുന്നു. സ്ത്രീകൾക്ക് മത - സാമൂഹികജീവിതത്തിൽ ഉയർന്ന സ്ഥാനം കൽപ്പിച്ചു. സത്യത്തിന്റേയും സൗന്ദര്യത്തിന്റേയും എല്ലാ രൂപങ്ങളേയും അവയുടെ ഉറവിടം നോക്കാതെ പിന്തുടരാനും സ്നേഹമുള്ളവരും പരസ്പരബഹുമാനമുള്ളവരും ദാനശീലരും ആയിരിക്കണമെന്നും അദ്ദേഹം തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. റൂമിയുടെ ചിന്തകൾ, തികഞ്ഞ മതവിദ്വേഷിയായിരുന്ന തുർക്കി പ്രസിഡണ്ട്, കമാൽ അത്താത്തുർക്കിനെ വരെ സ്വാധീനിച്ചിരുന്നു.
 
റൂമിയുടെ കവിതകളിൽ തിരയേണ്ടത് ഉടലുകളുടെ രാസനൃത്തമല്ല, മറിച്ചു ഉദാത്തമായ സ്വാതന്ത്ര്യ പ്രഖ്യാപനതിന്റെ പ്രണയലേഖനങ്ങൾ ആണ്. അവനാകുന്ന വെളിച്ചത്തിൽ ലയിക്കുക മാത്രമേ പ്രണയത്തിൽ ചെയ്യേണ്ടാതായുള്ളൂ... പിന്നെ അവനും നീയുമില്ല. വെളിച്ചം വരുമ്പോൾ ഇരുട്ട് അകന്നു പോകുന്നത് പോലെ നീയും അവനും എന്നതിൽ നിന്ന് അവൻ മാത്രമായി മാറപ്പെടുന്നു. അവിടെ ഈഗൊയൊ വിരഹമോ നഷ്ടപ്പെടാലോ ഒന്നുമില്ല. പ്രണയത്തിന്റെ ഏറ്റവും ഉദാത്തമായ ഈ അവസ്ഥയെ പ്രാപിക്കാൻ തന്നെയാണ് സൂഫി വര്യന്മാർ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെയാണ് സൂഫിസം ഒരു പ്രത്യേകമായ മതം ആകുന്നതും. 

വെബ്ദുനിയ വായിക്കുക