ബ്ലോഗ് വാഴും കാലം

ശനി, 5 ഏപ്രില്‍ 2008 (20:07 IST)
WDFILE
ഇത് ബ്ലോഗ് വാഴും കാലമാണ്. സ്വന്തം കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ ഇവയെല്ലാം നമ്മള്‍ ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കുന്നു.

ഇവിടെ മൂല്യം നിര്‍ണ്ണയിക്കുന്നത് പത്രാധിപന്‍‌മാരല്ല. നമ്മള്‍ തന്നെയാണ്. പോസ്റ്റ് കവറില്‍ തിരിച്ചു വരുമെന്ന പേടിയൊന്നും വേണ്ട.

മലയാളത്തിലെ പ്രശസ്ത ‘ബ്ലോഗനായ‘ വികെ ആദര്‍ശ് പറയുന്നു;‘എന്‍റെ ബ്ലോഗിലെ രചനകളിലെ തെറ്റുകള്‍ തിരുത്തി തരുന്നത് വായനക്കാരാണ്.

ബ്ലോഗിലെ എഴുത്തുകാ‍രനും വായനക്കാരനും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. അതു കൊണ്ടാണ് ആദര്‍ശിന് ഈ സഹായം ലഭിക്കുന്നത്.

വെറുതെ ഒരു രസത്തിന് ഒരു പ്രവാസി സുഹൃത്ത് ബ്ലോഗില്‍ എഴുതിത്തുടങ്ങിയ ‘കൊടകരപുരാണ‘ത്തിന്‍റെ പുസ്തക രൂപം ഇപ്പോള്‍ ലഭിക്കണമെങ്കില്‍ മാസങ്ങള്‍ക്കു മുമ്പ് ബുക്ക് ചെയ്യണം. അത്ര മികച്ച സ്വീകരണമാണ് ബ്ലോഗുകള്‍ക്ക് ലഭിച്ചിരിക്കുന്നത്.

ആഗോളവല്‍ക്കരണം നമ്മുടെ പാവം ഭാഷയെ കടിച്ചു തിന്നുമെന്ന് വിചാരിച്ചവര്‍ക്ക് തെറ്റി. യൂണികോഡ് കൃപയാല്‍ മലയാളികള്‍ കാനഡയിലും ദക്ഷിണാഫ്രിക്കയിലുമിരുന്ന് നമ്മുടെ ഭാഷയിലുള്ള രചനകള്‍ വായിക്കുന്നു. ബ്ലോഗുകളില്‍ രചന നടത്തുന്നു.

ഭാഷാശാസ്ത്രപരമായി യൂണിക്കോഡില്‍ അക്ഷരങ്ങള്‍ രൂപപ്പെടുന്നതില്‍ അപാകതയുണ്ടാവാം. ഇതിനെ എതിര്‍ക്കുന്നവരുമുണ്ട്. സാങ്കേതികവശം എന്തോ ആവട്ടെ. നമുക്ക് നമ്മുടെ മലയാ‍ളത്തെ സമയത്തിനും കാലത്തിനും അതീതമായ സ്ഥലത്ത് എത്തിക്കാന്‍ കഴിയുന്നുണ്ടല്ലോ?

മലയാള ഭാഷയില്‍ പുതിഅ വിപ്ലവം ഉണ്ടാക്കുവാന്‍ നമ്മളെ സഹായിച്ചത് ബ്ലോഗുകളും യൂണികോഡും തന്നെയാണ്. ആഗോളവല്‍ക്കരണം നിരവധി ദോഷഫലങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, അതുണ്ടാക്കിയ ഏറ്റവും വലിയ ഗുണഫലം വിജ്ഞാന വിപ്ലവമാണ്.

‘മംഗ്ലീഷ്‘ വഴി എസ്‌എം‌എസും ചാറ്റിങ്ങും നമ്മള്‍ നടത്തി വരുന്നു. പുത്തന്‍ സാങ്കേതിക വിദ്യയ്ക്കായി നമ്മള്‍ ഒരു പുത്തന്‍ ഭാഷ നിര്‍മ്മിച്ചിരിക്കുന്നു. പുതു ലോകത്തെ ആശയ വിനിമയത്തിനായി നമ്മുടെ കൊച്ചു ഭാഷയുടെ രൂപം മാറ്റിയത് ശരിയാണോയെന്ന് വ്യക്തമാക്കേണ്ടത് കാലമാണ്.

വെബ്ദുനിയ വായിക്കുക