ഡോ. ആല്‍ബര്‍ട്ട് ഫ്രെന്‍സ് - തെന്നിന്ത്യയുടെ പൈതൃകത്തേയും പാരമ്പര്യത്തെയും ലോകത്തിന് കാണിച്ചു കൊടുത്തവരില്‍ പ്രധാനിയാണിദ്ദേഹം.
മലയാള ഭാഷയുടെ വളര്‍ത്തച്ഛന്മാരില്‍ ഒരാളായ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്‍റെ പിന്‍തലമുറക്കാരിയാണ് അദ്ദേഹത്തിന്‍റെ ഭാര്യ. ഗുണ്ടര്‍ട്ടിന്‍റെ ഡയറികളുടെ പരിഭാഷകന്‍ എന്ന നിലയിലാണദ്ദേഹത്തിന്‍റെ പ്രശസ്തി.
2005 ല്‍ ഗുണ്ടര്‍ട്ടിന്‍റെ പിറന്നാള്‍ അടുത്തു വരുന്നതിന് തൊട്ടു മുമ്പ് അദ്ദേഹം കേരളത്തില്‍ വന്നു പോയി. രുദ്ര-ശിവ സങ്കല്പം എന്ന വിഷയത്തില്‍ പരീക്ഷിത്ത് തമ്പുരാന്‍ സ്മാരക പ്രഭാഷണം നടത്താന്‍.
ഡോ. കെ.കെ. മാരാരുമായി ചേര്‍ന്ന് തയാറാക്കിയ ചിത്രകലാപുസ്തകങ്ങളുടെ പേരിലും ഡോ.ഫ്രെന്‍സ് പ്രസിദ്ധനാണ്. 1000 ഇയേഴ്സ് ഓഫ് ടെമ്പിള്‍ ആര്‍ട്ട്, വാള്‍ പെയിന്‍റിംഗ്സ് ഓഫ് കേരള എന്നിവയാണ് പുസ്തകങ്ങള്‍.
കുട്ടിക്കാലം മുതലേ ഫ്രെന്‍സിന് ഇന്ത്യ ഒരു അഭിനിവേശമായിരുന്നു. പക്ഷെ ജര്‍മ്മനിയിലെ സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച കുട്ടികള്‍ക്ക് അന്ന് ഹൈസ്കൂള്‍ വിദ്യാഭ്യാസം പോലും സ്വപ്നം കാണാനാകുമായിരുന്നില്ല.
കൃഷിപ്പണിയിലേക്ക് തിരിഞ്ഞെങ്കിലും ഇതല്ല തന്‍റെ പണിയെന്ന് ഫ്രെന്‍സ് തിരിച്ചറിഞ്ഞു. ഇന്ത്യയിലേക്ക് പോകണമെന്ന ആഗ്രഹം അച്ഛനെ അറിയിക്കുകയും ചെയ്തു. 19-ാം വയസ്സില്‍ നേരിട്ട് പത്താം ക്ളാസില്‍ പ്രവേശനം കിട്ടി. അവിടെ വച്ച് സംസ്കൃതം പഠിച്ചു തുടങ്ങി. 25 വയസ്സായപ്പോഴാണ് സര്‍വ്വകലാശാല പഠനം നടത്തിയത്.
1966ല്‍ ഇന്ത്യന്‍ ഫിലോളജി ക്ളാസിക്കല്‍ ആര്‍ക്കിയോളജി, സയന്‍സ് ഓഫ് റിലീജിയന്‍ എന്നിവയില്‍ പഠനം പൂര്‍ത്തിയാക്കി വാര്‍ബര്‍ഗി യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. 1969-ഓടെ വൈദിക പഠനവും പൂര്‍ത്തിയാക്കി. 1970ല്‍ ഗുണ്ടര്‍ട്ടിന്‍റെ കൊച്ചു കൊച്ചു മകളായ ജെന്‍ ട്രാഡിനെ ഫ്രെന്‍സ് വിവാഹം ചെയ്തു.
1974-77 കാലത്ത് ദീര്‍ഘനാളത്തെ ആഗ്രഹത്തിന് സാഫല്യമുണ്ടായി. ഫ്രെന്‍സ് ഇന്ത്യയിലെത്തി. മധുര കാമരാജ് സര്‍വ്വകലാശാലയില്‍ ജര്‍മ്മന്‍ അധ്യാപകനായി. അവിടത്തെ തിയോളജിക്കല്‍ സെമിനാരിയില്‍ പഠിപ്പിക്കുകയും ചെയ്തു.
തിരുവള്ളുവരുടെ തിരുക്കുറലും മാണിക്കവാചകരുടെ തിരുവാചകം എന്നിവ അക്കാലത്ത് അദ്ദേഹം ജര്‍മ്മനിയിലേക്ക് പരിഭാഷപ്പെടുത്തി.
ജെന്‍ട്രാഡിന്‍റെ അമ്മായിയാണ് ഫ്രെന്‍സിന് ഗുണ്ടര്‍ട്ടിന്‍റെ കൈയ്യെഴുത്ത് ഡയറികളുടെ വലിയൊരു കെട്ട് സമ്മാനിച്ചത്. അതില്‍ നിന്നാണ് ഗുണ്ടര്‍ട്ട് തന്‍റെ മലയാളം കൈയെഴുത്ത് പ്രതികള്‍ 1885ല്‍ ട്യൂബിന്‍ഹെന്‍ സര്‍വ്വകലാശാലയ്ക്ക് കൈമാറിയതായി അറിയാന്‍ കഴിഞ്ഞത്.
അതൊരു പുതിയ അറിവായിരുന്നു. മലയാള പത്രങ്ങള്‍ പോലും അന്നത് വലിയ വാര്‍ത്തയായി പ്രസിദ്ധീകരിച്ചു - ഫ്രെന്‍സ് ഓര്‍ക്കുന്നു.