കമലയുടെ ( അല്ല സുരയ്യയുടെ) പിറന്നാള്‍

WDWD
കമല , കമലാദാസ് ആയതും മാധവിക്കുട്ടിയായതും കമല സുരയ്യ ആയതും മലയാള മണ്ണിലായിരുന്നു. കൊല്‍ക്കത്തയില്‍ ജീവിക്കുമ്പോഴും പുന്നയൂര്‍ക്കുളത്തെ കുളത്തിലും നീര്‍മാതളത്തിലും സ്വപ്നത്തിന്‍റെ ചിറകില്‍ വന്നെത്തിയിരുന്ന കഥാകാരിക്ക് ഇന്ന് 74 ാം പിറന്നാള്‍.

ഈ പിറന്നാള്‍ കമലസുരയ്യയെ സംബന്ധിച്ചിടത്തോളവും മലയാള സാഹിത്യാസ്വാദകരെ സംബന്ധിച്ചിടത്തോളവും മധുരം കുറഞ്ഞതാണ്. കഥാകാരി മലയാളത്തെ ഉപേക്ഷിച്ച് വീണ്ടും വടക്കെ ഇന്ത്യയിലേക്ക് ചേക്കേരിയിരിക്കുന്നു. അവിടത്തെ ജീവിതത്തില്‍ അവര്‍ വീര്‍പ്പുമുട്ടുന്നുടാവാം!

സാഹചര്യങ്ങള്‍ കഥാകാരിയുടെ മനസ്സിനേല്‍പ്പിച്ച മുറിവുകളാവാം മലയാളത്തിനെ പിരിഞ്ഞ് മറുനാട്ടില്‍ ജീവിക്കാന്‍ കമലയെ പ്രേരിപ്പിക്കുന്നത്. എന്നാല്‍, പുരസ്കാരങ്ങള്‍ നല്‍കാന്‍ കഴിവില്ലാത്ത, ഒരിക്കല്‍ പോലും നേരിട്ടുകാണാത്ത എത്രയോ അനുവാചകര്‍ക്ക് തീരാ നഷ്ടമാണ് കമലയുടെ ഈ പിന്‍വാങ്ങല്‍!

മലയാളത്തില്‍ ഇനി എഴുതുകയില്ല എന്ന് പറഞ്ഞാണ് കമല സുരയ്യ മറുനാടിന്‍റെ സുരക്ഷയിലേക്ക് വണ്ടികയറിയത്. തുടര്‍ന്ന് ഇംഗ്ളീഷ് സാഹിത്യത്തിനെങ്കിലും ഈ അനുഗ്രഹീത സ്പര്‍ശം ലഭിക്കുമെന്ന് ആശിക്കാം. ഇതുവരെ അങ്ങനെ ഒന്നും ഉന്റായില്ല. മറുനാട്ടിലെ ഈ പിറന്നാളിന് മലയാളത്തിന്‍റെ ആശംസകള്‍!
WDWD


വി എം നായരുടെയും നാലപ്പാട്ട് ബാലാമണിയമ്മയുടെയും പുത്രിയായ കമല 1934 മാര്‍ച്ച് 31 ന് പുന്നയൂര്‍കുളത്താണ് ജനിച്ചത്.

ബാല്യകാല സ്മരണകള്‍, എന്‍റെ കഥ, മതിലുകള്‍, മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകള്‍, പക്ഷിയുടെ മരണം, നീര്‍മാതളം പൂത്തകാലം, തുടങ്ങിയവയാണ് പ്രശസ്തമായ മലയാള കൃതികള്‍. സമ്മര്‍ ഇന്‍ കല്‍ക്കട്ട, ഓള്‍ഡ് പ്ളേ ഹൗസ്, ദ സൈറന്‍സ് എന്നിവ ഇംഗ്ളീഷ് കൃതികളില്‍ ഉള്‍പ്പെടുന്നു. എന്‍റെ കഥ 15 വിദേശ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്.

ദ സൈറന്‍സിന് ഏഷ്യന്‍ പോയട്രി അവാര്‍ഡും സമ്മര്‍ ഇന്‍ കല്‍ക്കട്ടയ്ക്ക് കെന്‍റ് അവാര്‍ഡും ലഭിച്ചു. തണുപ്പ് എന്ന ചെറുകഥയ്ക്ക് വയലാര്‍ അവാര്‍ഡും കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.