'അരങ്ങ്' സാഹിത്യ അവാര്‍ഡ് കാക്കനാടന്

ഞായര്‍, 26 ജൂലൈ 2009 (11:17 IST)
PROPRO
‘ഉഷ്ണമേഖല’, ‘വസൂരി’ തുടങ്ങിയ നോവലുകളിലൂടെ മലയാള സാഹിത്യത്തിലെ ആധുനിക ഭാവുകത്വത്തിന് അടിത്തറ പാകിയ കാക്കനാടന് ഇത്തവണത്തെ അരങ്ങ് അബുദാബി സാഹിത്യ അവാര്‍ഡ്. പെരുമ്പടവം ശ്രീധരന്‍, സക്കറിയ, ചന്ദ്രമതി എന്നിവരായിരുന്നു അവാര്‍ഡ് നിര്‍ണയ സമിതിയിലെ അംഗങ്ങള്‍. 25,000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മലയാള സാഹിത്യത്തിനു നല്‍കിയ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. മലയാള സാഹിത്യത്തിലെ പുതിയ ഭാവുകത്വത്തിന്‍റെ സൃഷ്ടാക്കളില്‍ ഒരാളെന്ന നിലയിലാണ് കാക്കനാടനെ പുരസ്കാരത്തിനു തെരഞ്ഞെടുത്തതെന്ന് ജൂറി പറഞ്ഞു. പെരുമ്പടവം ശ്രീധരന്‍, ചന്ദ്രമതി, അരങ്ങ് അബുദാബി കേരള ചാപ്റ്റര്‍ കോ-ഓഡിനേറ്റര്‍ എ സ്.എല്‍. രാജ് തുടങ്ങിയവര്‍ അവാര്‍ഡ് പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുത്തു

മലയാളത്തിലെ അസ്തിത്വവാദാത്മകമായ ആധുനിക സാഹിത്യത്തിന് മികച്ച സംഭാവനകള്‍ നല്‍‌കിയിട്ടുള്ള എഴുത്തുകാരനാണ് ജോര്‍ജ്ജ് വര്‍ഗ്ഗീസ് കാക്കനാടന്‍ എന്ന കാക്കനാടന്‍. ആദ്യകാല കമ്യൂണിസ്റ്റുകാരില്‍ ഒരാളായ വര്‍ഗ്ഗീസ് കാക്കനാടന്റെ മകനായാണ് ജനനം. ഇപ്പോള്‍ കാക്കനാടന് 74 വയസുണ്ട്. ആരോഗ്യനില തൃപ്തികരമല്ലാത്തതിനാല്‍ ഇപ്പോള്‍ ചാത്തന്നൂര്‍ ആയുര്‍വേദ നേഴ്‌സിങ്‌ ഹോമില്‍ താമസിച്ച് ചികിത്സ തേടുകയാണ് കാക്കനാടനിപ്പോള്‍.

പെരുമ്പടവം ശ്രീധരന്‍, ടി. പദ്മനാഭന്‍, സാറാ ജോസഫ്, ഒ.എന്‍.വി. കുറുപ്പ്, കമലാസുരയ്യ, എം.എന്‍. കാരശേരി എന്നിവര്‍ക്കായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ പുരസ്കാരം. ഓഗസ്റ്റ് അവസാനം ദുബായില്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക