അനുഭവ കഥകളുടെ എഴുത്തുകാരി

WDWD
കേരളത്തിലെ സ്ത്രീകള്‍ അനുഭവിക്കുന്ന അടിമത്തത്തിനെതിരെ കഥകളിലൂടെ പ്രതികരിച്ച വ്യക്തിയായിരുന്നു ലളിതാംബിക അന്തര്‍ജ്ജനം. സാഹിത്യ രചനയിലൂടെ ഉയരങ്ങള്‍ കീഴടക്കിയ ഈ എഴുത്തുകാരി സാഹിത്യ സംസ്കാരിക മേഖലകളിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന കാലഘട്ടത്തില്‍ സ്ത്രീപക്ഷ കഥകളുടെ ശക്തമായ സാന്നിദ്ധ്യമായിരുന്നു.

മലയാളത്തിലെ ഏറ്റവും ശക്തയായ എഴുത്തുകാരികളില്‍ ഒരാളായിരുന്ന ലളിതാംബികാ അന്തര്‍ജ്ജനത്തിന്‍റെ നൂറാം ജന്‍മദിനമാണ് ഞായറാഴ്ച. നമ്പൂതിരി സമുദായങ്ങള്‍ അനാചാരങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്ന കാലത്ത് സാഹിത്യത്തില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ലളിതാംബികാ രചനകളിലൂടെ സാമൂഹ്യ തിന്‍‌മകളോട് കലഹിക്കുകയായിരുന്നു.

സ്ത്രീ വിദ്യാഭ്യാസം വിലക്കിയിരുന്ന കാലത്ത് പോലും മലയാളത്തിനും സംസ്കൃതത്തിനും പുറമെ ഇംഗ്ലീഷിലും അവര്‍ പരിജ്ഞാനം നേടിയിരുന്നു. ചെറുപ്പത്തിലെ തന്നെ ധാരാളം പുസ്തകങ്ങളും ആനുകാലികങ്ങളും വായിച്ചത് തന്‍റെ സാഹിത്യ രചനയിലേക്കുള്ള ചവിട്ടു പടിയായി മാറിയെന്ന് ലളിതാംബികാ അന്തജ്ജനം തന്നെ പറയുന്നു.

എഴുത്തിനൊപ്പം തന്നെ വാദ്യോപകരണങ്ങളായ ഹാര്‍മോണിയവും ഫിഡിലും വായിക്കാന്‍ പരിശീലനം നേടിയിരുന്ന ലളിതാംബിക ബഹുമുഖ പ്രതിഭയായിരുന്നു. സ്വന്തം സമുദായത്തിലെ അനാചാരങ്ങളെ മറികടന്ന് സാഹിത്യ ഡയറക്ടര്‍ ബോര്‍ഡ്, പാഠപുസ്തക കമ്മിറ്റി എന്നീ മേഖലകളില്‍ ലളിതാംബിക പ്രവര്‍ത്തിച്ചു.

കൃതികള്‍

മൂടു പടത്തില്‍, ആദ്യത്തെ കഥകള്‍, തകര്‍ന്ന തലമുറ, കാലത്തിന്‍റെ ഏടുകള്‍, കിളിവാതിലിലൂടെ, കൊടുങ്കാറ്റില്‍ നിന്ന്, കണ്ണീരിന്‍റെ പുഞ്ചിരി, ഇരുപതു വര്‍ഷത്തിനു ശേഷം, അഗ്നി പുഷ്പങ്ങള്‍, സത്യത്തിന്‍റെ സ്വരം, വിശ്വരൂപം, ഇഷ്ടദേവത, അംബികാഞ്ജലി, പവിത്രമോതിരം, ധീരേന്ദു മജുംദാരുടെ അമ്മ, തിരഞ്ഞെടുത്ത കഥകള്‍. എന്നിവയാണ് കഥകള്‍

ലളിതാഞ്ജലി, ഓണക്കാഴ്ച, ശരണമഞ്ജരി, ഭാവദീപ്തി, നിശബ്ദ സംഗീതം, ഒരു പൊട്ടിച്ചിരി, ആയിരത്തിരി എന്നീ കവിതകള്‍ക്ക് ഒപ്പം പുനര്‍ജ്ജന്‍‌മം, വീര സംഗീതം എന്നീ നാടകങ്ങളും കുഞ്ഞോമന, ഗോസാമി പറഞ്ഞ കഥ, തേന്‍ തുള്ളികള്‍, ഗ്രാമ ബാലിക എന്നീ ബാല സാഹിത്യവും അഗ്നി സാക്ഷി എന്ന നോവലും എഴുതിയിട്ടുണ്ട്. സീത മുതല്‍ സാവിത്രി വരെ എന്ന പഠനവും അത്മകഥയ്‌ക്ക് ഒരാമുഖം എന്നാ ആത്മകഥയും അവരുടെതായിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക