2019 ല്‍ 84,663 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിച്ച മണ്ഡലമാണ് വടകര. 2009 ലും 2014 ലും യുഡിഎഫിനൊപ്പമായിരുന്നു മണ്ഡലം. ഇരു മുന്നണികള്‍ക്കും നാല് ലക്ഷത്തില്‍ ഏറെ വോട്ടുകള്‍ ഉറപ്പുള്ള മണ്ഡലം. നിലവിലെ സാഹചര്യത്തില്‍ വിജയസാധ്യത ഇരു മുന്നണികള്‍ക്കും തുല്യമാണ്. തുടക്കത്തില്‍ ശൈലജ ടീച്ചര്‍ക്കായിരുന്നു വടകരയില്‍ ആധിപത്യം. എന്നാല്‍ ഷാഫിയുടെ വരവോടെ കാര്യങ്ങള്‍ യുഡിഎഫിനും അനുകൂലമായി തുടങ്ങി.
ബിജെപി ഇത്തവണ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ പിടിച്ചാല്‍ വടകരയില്‍ എല്‍ഡിഎഫിനാണ് ജയസാധ്യത. ആര് ജയിച്ചാലും 5,000 ത്തിനും 15,000 ത്തിനും ഇടയിലായിരിക്കും ഭൂരിപക്ഷം. കഴിഞ്ഞ തവണ കെ.മുരളീധരന്‍ യുഡിഎഫിനായി അഞ്ചേകാല്‍ ലക്ഷം വോട്ടുകളാണ് വടകരയില്‍ പിടിച്ചത്. എന്നാല്‍ ഇത്തവണ അത്ര വലിയ രീതിയില്‍ വോട്ട് സ്വന്തമാക്കാന്‍ യുഡിഎഫിന് സാധിക്കില്ല. മുസ്ലിം വോട്ടുകള്‍ വടകരയില്‍ നിര്‍ണായകമാകും. മുസ്ലിം വോട്ടുകള്‍ എങ്ങോട്ട് ഏകീകരിക്കപ്പെടുന്നുവോ ആ മുന്നണി വടകരയില്‍ ജയിച്ചു കയറും.