Lok Sabha Election 2024: കോട്ടയത്തെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഇന്നറിയാം; സാധ്യത ചാഴിക്കാടന് തന്നെ

WEBDUNIA

തിങ്കള്‍, 12 ഫെബ്രുവരി 2024 (09:24 IST)
Lok Sabha Election 2024: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ നേതൃയോഗം ഇന്ന് കോട്ടയത്ത് ചേരും. ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണിയെ ചുമതലപ്പെടുത്തി യോഗം തീരുമാനമുണ്ടാക്കും. കോട്ടയത്തെ നിലവിലെ എംപി തോമസ് ചാഴിക്കാടനെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് പാര്‍ട്ടിയില്‍ ഉണ്ടായിട്ടുള്ള ധാരണ. ചാഴിക്കാടന്‍ തന്നെ സ്ഥാനാര്‍ഥിയായാല്‍ മതിയെന്ന് ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടാകും. എന്നാല്‍ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം പിന്നീടാകും. 
 
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിനോട് ഒരു സീറ്റ് കൂടി ആവശ്യപ്പെടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അധിക സീറ്റിന്റെ കാര്യം പാര്‍ട്ടി ആലോചിച്ചിട്ടില്ലെന്നും മുന്നണിയുടെ കെട്ടുറപ്പ് തകര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ ഇങ്ങനെ പ്രചരിപ്പിച്ചതാണെന്നുമാണ് പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. 
 
ഇത്തവണ കോട്ടയം സീറ്റ് നേടാന്‍ കഴിയുമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടല്‍. കേരള കോണ്‍ഗ്രസിന് രാഷ്ട്രീയ വേരോട്ടമുള്ള കോട്ടയത്ത് എല്‍ഡിഎഫിന്റെ മുന്നണി സംവിധാനം കൂടി ചേര്‍ന്നാല്‍ വിജയിക്കാമെന്നാണ് പ്രതീക്ഷ. എംപി എന്ന നിലയില്‍ മികച്ച പ്രകടനമാണ് ചാഴിക്കാടന്‍ നടത്തിയിട്ടുള്ളത്. അനൗദ്യോഗിക തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാമെന്ന് കേരള കോണ്‍ഗ്രസിന് എല്‍ഡിഎഫില്‍ നിന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. 
 
അതേസമയം യുഡിഎഫില്‍ നിന്ന് ആരായിരിക്കും കോട്ടയത്ത് സ്ഥാനാര്‍ഥിയാകുക എന്നതില്‍ വ്യക്തതയില്ല. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനാണ് കോട്ടയം സീറ്റ് നല്‍കുക. പി.ജെ.ജോസഫ് ലോക്സഭയിലേക്ക് ഇല്ലെന്ന നിലപാടിലാണ്. മോന്‍സ് ജോസഫിനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചനയുണ്ട്. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍