തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരം നടന്നെന്നും ആര് ജയിക്കുമെന്ന് പ്രവചിക്കാന്‍ സാധിക്കില്ലെന്നും മൂന്ന് മുന്നണികളുടെയും വിലയിരുത്തല്‍. ശശി തരൂരിന് എളുപ്പത്തില്‍ ജയിച്ചുകയറാമെന്ന സ്ഥിതിയല്ല തിരുവനന്തപുരത്ത് ഇത്തവണ ഉള്ളതെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി വിലയിരുത്തി. മുന്‍ തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് വോട്ടുകളും തരൂരിന് ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ അങ്ങനെയൊരു ക്രോസ് വോട്ടിങ് നടന്നിട്ടില്ലെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.
പാര്‍ട്ടി വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യപ്പെട്ടിട്ടില്ല എന്ന വിലയിരുത്തലിലാണ് ബിജെപി. ശക്തി കേന്ദ്രങ്ങളില്‍ അടക്കം വോട്ടിങ് ശതമാനം കുറഞ്ഞത് ഇതിന്റെ സൂചനയാണെന്നും ബിജെപി കരുതുന്നു. രാജീവ് ചന്ദ്രശേഖറിന് താഴെ തട്ടില്‍ സ്വാധീനം കുറവാണ്. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ അടക്കം ഇത് പ്രകടമായിരുന്നു. ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന ഭീതിയും ബിജെപി ക്യാംപുകളിലുണ്ട്.
അതേസമയം തിരുവനന്തപുരത്ത് ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്തിയെന്ന സംതൃപ്തിയിലാണ് എല്‍ഡിഎഫ്. ഇടതുപക്ഷ വോട്ടുകളെല്ലാം കൃത്യമായി പന്ന്യന്‍ രവീന്ദ്രന് പോള്‍ ചെയ്യപ്പെട്ടിട്ടുണ്ട്. അതിനൊപ്പം നിഷ്പക്ഷ വോട്ടുകളും പന്ന്യന്‍ പിടിച്ചിട്ടുണ്ട്. ഒന്നുകില്‍ തരൂരിന്റെ ഭൂരിപക്ഷം വലിയ തോതില്‍ കുറയുമെന്നും ചിലപ്പോള്‍ നേരിയ ഭൂരിപക്ഷത്തില്‍ പന്ന്യന്‍ ജയിച്ചു കയറുമെന്നുമാണ് സിപിഐ ജില്ലാ കമ്മിറ്റി വിലയിരുത്തുന്നത്.