സോണിയയുടെ റായ് ബറേലിയില്‍ രാഹുല്‍ സ്ഥാനാര്‍ഥി; അമേത്തി ഉപേക്ഷിച്ചു, പകരം കിഷോരി ലാല്‍ ശര്‍മ

WEBDUNIA

വെള്ളി, 3 മെയ് 2024 (09:09 IST)
Mallikarjun Kharge and Rahul gandhi

സസ്‌പെന്‍സുകള്‍ക്ക് ഒടുവില്‍ റായ് ബറേലി, അമേത്തി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി റായ് ബറേലിയിലും കിഷോരി ലാല്‍ ശര്‍മ അമേത്തിയിലും മത്സരിക്കും. പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. അമേത്തിയില്‍ മത്സരിക്കാന്‍ സന്നദ്ധനല്ലെന്ന് രാഹുല്‍ നേരത്തെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. 
 
2004 മുതല്‍ 2014 വരെയുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ അമേത്തിയില്‍ നിന്ന് ജയിച്ച കോണ്‍ഗ്രസ് നേതാവാണ് രാഹുല്‍ ഗാന്ധി. 2019 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്മൃതി ഇറാനിയോട് തോറ്റത് വന്‍ തിരിച്ചടിയായി. ഇത്തവണയും അമേത്തിയില്‍ മത്സരിച്ച് മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതിയത്. എന്നാല്‍ അമേത്തിയില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് രാഹുല്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് 2004 മുതല്‍ അമ്മ സോണിയ ഗാന്ധി ജയിച്ചുവരുന്ന റായ് ബറേലി മണ്ഡലത്തിലേക്ക് രാഹുല്‍ മാറിയത്. 
 
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനു ഏറ്റവും ഉറപ്പുള്ള മണ്ഡലമാണ് റായ് ബറേലി. പരാജയ ഭീതിയെ തുടര്‍ന്നാണ് രാഹുല്‍ അമേത്തി വിട്ട് റായ് ബറേലിയിലേക്ക് പോയതെന്ന പ്രചാരണം ബിജെപി വരും ദിവസങ്ങളില്‍ രാഷ്ട്രീയ ആയുധമാക്കും. മാത്രമല്ല കേരളത്തിലെ വയനാട്ടില്‍ നിന്നും രാഹുല്‍ ജനവിധി തേടിയിട്ടുണ്ട്. വയനാട്ടിലും റായ് ബറേലിയിലും ജയിച്ചു വരികയാണെങ്കില്‍ രാഹുല്‍ ഒരു മണ്ഡലം ഉപേക്ഷിക്കേണ്ടി വരും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍