രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാള്‍ പകുതിയായേക്കാമെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍

WEBDUNIA

ചൊവ്വ, 30 ഏപ്രില്‍ 2024 (20:22 IST)
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം ഇത്തവണ കുറഞ്ഞേക്കുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍. എതിര്‍ സ്ഥാനാര്‍ഥികളായ ആനി രാജയും കെ.സുരേന്ദ്രനും മികച്ച പോരാട്ടമാണ് നടത്തിയിരിക്കുന്നതെന്നും അതിനാല്‍ യുഡിഎഫിന്റെ വോട്ട് കുറയുമെന്നുമാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തല്‍. 
 
2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വയനാട് ജയിച്ചത്. ഏഴ് ലക്ഷത്തിലേറെ വോട്ടുകള്‍ രാഹുലിന് ലഭിച്ചിരുന്നു. ഇത്തവണ രാഹുലിന്റെ ഭൂരിപക്ഷം രണ്ട് ലക്ഷമായി ചുരുങ്ങാനാണ് സാധ്യതയെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. 2019 ലെ പോലെ രാഹുല്‍ ഗാന്ധി തരംഗം കേരളത്തില്‍ ഇല്ലെന്നും അതിനാല്‍ യുഡിഎഫിലേക്ക് വോട്ടുകളുടെ ഏകീകരണം നടക്കാന്‍ സാധ്യത കുറവാണെന്നുമാണ് പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നത്. 
 
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റേയും എന്‍ഡിഎയുടേയും സ്ഥാനാര്‍ഥികള്‍ താരതമ്യേന ദുര്‍ബലരായിരുന്നു. ഇത് രാഹുല്‍ ഗാന്ധിക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിക്കാന്‍ കാരണമായി. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും ഉള്ള പ്രതീതി കേരളത്തില്‍ ശക്തമായിരുന്നു. ഈ ഘടകങ്ങളെല്ലാം രാഹുലിന്റെ ഭൂരിപക്ഷം ഉയരാന്‍ കാരണമായി. എന്നാല്‍ ഇത്തവണ അങ്ങനെയൊരു സാഹചര്യമില്ലെന്നാണ് പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നത്. ചിലപ്പോള്‍ രാഹുലിന്റെ ഭൂരിപക്ഷം രണ്ട് ലക്ഷത്തില്‍ താഴെ പോകാനും സാധ്യതയുണ്ടെന്ന് മണ്ഡലം കമ്മിറ്റിക്ക് ഭയമുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍