അതേസമയം, യു ഡി എഫിനെ പോലും അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് കാസർഗോഡ് കോൺഗ്രസ് സ്ഥാനാർത്ഥിയായ രാജ്‌മോഹൻ ഉണ്ണിത്താൻ കാഴ്ച വെയ്ക്കുന്നത്. ഇരുപതിൽ ഇരുപത് സീറ്റും യുഡിഎഫിന് കിട്ടുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് കഴിഞ്ഞ ദിവസം കൂടി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞതേ ഉള്ളു. ആത്മവിശ്വാസം ഉണ്ടെന്ന് ആവർത്തിച്ച് പറഞ്ഞാലും ഇത്രയധികം ലീഡ് ഉണ്ടാകുമെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും കരുതിയില്ലെന്ന് വേണം കണക്കാക്കാൻ.
ഏറെ പ്രതിഷേധങ്ങൾ നിറഞ്ഞു നിന്നിടത്താണ് രാജ്മോഹൻ ജയത്തിന്റെ രുചി അറിയുന്നതെന്നതും ശ്രദ്ധേയമാണ്. ഉണ്ണിത്താനെ സ്ഥാനാർത്ഥിയാക്കുന്നതിൽ എതിർപ്പുമായെത്തിയത് ഡി സി സി ആയിരുന്നു. പുറമേ നിന്നുള്ള സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാകില്ലെന്നായിരുന്നു അവർ ഉന്നയിച്ചത്. എന്നാൽ, നേതൃത്വത്തിന്റെ തീരുമാനം ശരിയായിരുന്നുവെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.