ബിജെപി കേന്ദ്ര നേതൃത്വത്തിനും ജഡ്ജിമാര്‍ക്കും ബിജെപി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ യെദ്യൂരപ്പ 18,000 കോടി കൈമാറിയതായുള്ള വെളിപ്പെടുത്തല്‍ തള്ളി പാര്‍ട്ടി. 'യെദ്യൂരപ്പ ഡയറി' നുണകളുടെ വലയാണെന്ന വാദവുമായി മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി.
പുറത്തുവന്ന രേഖകള്‍ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ നല്‍കിയതാണെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കൈയക്ഷരം യെദ്യൂരപ്പയുടേത് അല്ലെന്ന് തെളിഞ്ഞതാണ്. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് കോണ്‍ഗ്രസ് പരാജയഭീതിയില്‍ സമനില തെറ്റിയിരിക്കുകയാണ്. കേസില്‍ പെട്ട ബന്ധുക്കളെ രക്ഷിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമമെന്നും കേന്ദ്രമന്ത്രി ബിജെപി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന രേഖകള്‍ വ്യാജവും കെട്ടിച്ചമച്ചതും ആണെന്ന് ആദായ നികുതി വകുപ്പ് തെളിയിച്ചതാണെന്ന വാദവുമായി ബി എസ് യെദ്യൂരപ്പ രംഗത്തെത്തി. വെളിപ്പെടുത്തലിന് ശേഷം വിളിച്ചുചേര്‍ത്ത ആദ്യ വാര്‍ത്താസമ്മേളനത്തില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രി എഴുതി തയ്യാറാക്കിയ പ്രസ്താവന വായിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയും നേതാക്കളും ആശയ ദാരിദ്ര്യത്തിലാണ്. മോഡിയുടെ സ്വീകാര്യത വര്‍ധിക്കുന്നതില്‍ അവര്‍ നിരാശരാണ്. യുദ്ധം തുടങ്ങുന്നതിന് മുമ്പേ അവര്‍ തോറ്റുപോയി. ആദായ നികുതി വകുപ്പ് രേഖകല്‍ കെട്ടിച്ചമച്ചതാണെന്നും വ്യാജമാണെന്നും മുന്‍പ് തെളിയിച്ചിട്ടുണ്ട്.