അഷ്‌ടമിരോഹിണി വ്രതവും ഐതീഹ്യവും!

വ്യാഴം, 30 ഓഗസ്റ്റ് 2018 (11:18 IST)
ജന്മാന്തരദുരിതം തീർക്കാനും സർവ ഐശ്വര്യങ്ങളും നൽകാനുമായി ജനിച്ച ശ്രീകൃഷ്ണന്റെ ജന്മദിനമാണ് നാം അഷ്‌ടമിരോഹിണിയായി ആഘോഷിക്കുന്നത്. ദേവകളുടെയും മഹർഷിമാരുടെയും ആഗ്രഹപ്രകാരം മഹാവിഷ്ണു മനുഷ്യരൂപത്തിൽ ഭൂമിയിൽ ശ്രീകൃഷ്ണാവതാരം എടുത്ത ദിവസമാണു ചിങ്ങമാസത്തിലെ കറുത്തപക്ഷ അഷ്ടമിയും രോഹിണിയും ചേർന്നു വരുന്ന ദിവസം.
 
ഈ ദിനം കുട്ടികളുടെ ജന്മദിവസം പോലെ തന്നെ നാമജപത്തോടുകൂടിയും സദ്യവട്ടങ്ങളോടുകൂടിയും ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും ദേവീക്ഷേത്രങ്ങളിലും ദർശനം നടത്തി തുടങ്ങണമെന്നാണ് ഐതീഹ്യം. ഒപ്പം വൃതാനുഷ്‌ഠാനങ്ങളോടെ കഴിയുകയും അര്‍ദ്ധരാത്രിവരെ ശ്രീകൃഷ്ണ ജപങ്ങളുമായി കഴിഞ്ഞു കൂടുകയും ചെയ്യണം എന്നാണ് ആചാര്യ വിധി.
 
കന്മഷങ്ങള്‍ കളയാനും ഐശ്വര്യം കടന്നുവരുവാനുമാണ് അഷ്ടമിരോഹിണി വ്രതം അനുഷ്ഠിക്കുന്നത്. ഏത് പ്രായത്തിലുള്ളവര്‍ക്കും ഈ വ്രതം എടുക്കാം. പക്ഷെ, അതിരാവിലെയുള്ള കുളി, ഭക്ഷണത്തിലുള്ള നിയന്ത്രണം എന്നിവ പാലിച്ചേ മതിയാവൂ. അഷ്ടമിയും രോഹിണിയും ഒരുമിച്ചു വരുന്ന ദിവസങ്ങള്‍ വിവിധ വര്‍ഷങ്ങളില്‍ ചുരുക്കമായേ ഉണ്ടാകാറുള്ളു. അപ്പോള്‍ അഷ്ടമിയെയാണ് ശ്രീകൃഷ്ണ ജയന്തിയായി കണക്കാക്കാറുള്ളത്. ഇതിനെ ജന്മാഷ്ടമി എന്നും വിളിക്കാറുണ്ട്. 
 
സപ്തമിയുടെ അന്ന് സൂര്യാസ്തമയം മുതല്‍ വേണം വ്രതം തുടങ്ങാന്‍. മത്സ്യ മാംസാദികള്‍ വെടിയുകയും ബ്രഹ്മചര്യം പാലിക്കുകയും ലഘുഭക്ഷണം പാലിക്കുകയും വേണം. പിറ്റേന്ന് ക്ഷേത്രത്തില്‍ പോയി ദര്‍ശനം നടത്തി തീര്‍ത്ഥപാനത്തോടെ വ്രതം അവസാനിപ്പിക്കാം. വ്രത ദിവസങ്ങളില്‍ രണ്ട് നേരം ക്ഷേത്ര ദര്‍ശനം വേണം. വൈഷ്ണവ മന്ത്രവും വിഷ്ണു സഹസ്രനാമവും ജപിക്കാവുന്നതാണ്.
 
ഓം നമോ ഭാഗവതേ വാസുദേവായ എന്ന 12 അക്ഷരങ്ങളുള്ള മന്ത്രമാണ് അഷ്ടമിരോഹിണി വ്രതത്തിന് ജപിക്കേണ്ടത്. ഇതിന് വെറും വാചാര്‍ത്ഥം മാത്രമല്ല അതീവ ഗൂഢമായ വേദാന്ത ദര്‍ശനങ്ങളും ഉണ്ട് എന്നാണ് അറിവുള്ളവര്‍ പറയുന്നത്. 
 
അഷ്ടമി രോഹിണി ദിവസം ഭാഗവത പാരായണം ചെയ്യുന്നതും വളരെ നല്ലതാണ്. ഏറ്റവും ശക്തമായ പാപങ്ങളുടെ പിടിയില്‍ നിന്നു പോലും ഇതുമൂലം മോചനമുണ്ടാവും. അഷ്ടമിരോഹിണി വ്രതം ജാതകത്തില്‍ വ്യാഴം പ്രതികൂലമായി നില്‍ക്കുന്നവര്‍ക്കും വ്യാഴ ബുധ ദശകളില്‍ കഴിയുന്നവര്‍ക്കും വളരെയേറെ ഗുണം ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍