വര്‍ഷങ്ങളായി ഇടതുമുന്നണിയോട് ചേര്‍ന്നു നിന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മാണി ഗ്രൂപ്പില്‍ ലയിക്കുന്നതിന്‍റെ രാഷ്ട്രീയ സാഹചര്യം കെ എം മാണി തന്നെ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച മാണി തൊടുപുഴയില്‍ നടത്തിയ പ്രസ്താവനകള്‍ക്കായിരുന്നു ഉമ്മന്‍ ചാണ്ടി പ്രധാനമായും മറുപടി പറഞ്ഞത്.
രാഷ്ട്രീയ കാരണമില്ലാത്ത ലയനം ജനങ്ങളെ ബോധ്യപ്പെടുത്താനാവില്ല. ലയനം ആഭ്യന്തര കാര്യമാണെന്ന് പറഞ്ഞ മാണി ആ നിലപാടിന്‍റെ ഗുണവും ദോഷവും ഏറ്റെടുക്കണം. ലയനത്തെ തുടര്‍ന്നുണ്ടാകുന്ന ഒരു ബാധ്യതയും ഏറ്റെടുക്കാന്‍ കോണ്‍ഗ്രസും യു ഡി എഫും തയ്യാറല്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് മാണി വിഭാഗം യു ഡി എഫിന്റെ അവിഭാജ്യഘടകമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കേരള കോണ്‍ഗ്രസ് ലയനത്തിന് മുന്‍പായി വിഷയം യു ഡി എഫില്‍ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ഇത് നടത്താതെയാണ് ലയന ചര്‍ച്ചകള്‍ നടന്നത്. ലയനം സംബന്ധിച്ച് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സംഭവ വികാസങ്ങളില്‍ ദുഖമുണ്ട്. ഇടതു മുന്നണിയുടെ എല്ലാ അഴിമതികള്‍ക്കു കൂട്ടുനിന്ന ഒരാളാണ് ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമാകാന്‍ ശ്രമിക്കുന്നത്. എന്നാല്‍ പ്രശ്നങ്ങള്‍ യു ഡി എഫ് ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു.
അതേസമയം, മാണി -ജോസഫ് ഗ്രൂപ്പ് ലയനപ്രശ്നം യു ഡി എഫില്‍ ചര്‍ച്ചചെയ്യണമെന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. മുന്നണിയിലെ ഐക്യത്തിന് വിള്ളലുണ്ടാക്കുന്ന നടപടി ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. വേണ്ടിവന്നാല്‍ തനിച്ചു മല്‍സരിക്കുമെന്ന കെ എം മാണിയുടെ പ്രസ്‌താവനയ്ക്ക് മറുപടിയായി സംസ്ഥാനത്ത് 140 നിയമസഭാ സീറ്റ് മാത്രമേ ഉള്ളൂവെന്നും അതില്‍ വ്യത്യാസമൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.