ഹംസ വധക്കേസ്: അബ്ദുള്ളയ്ക്ക് ജീവപര്യന്തം

ബുധന്‍, 29 സെപ്‌റ്റംബര്‍ 2010 (12:32 IST)
കാ‍സര്‍കോഡ് ഹംസ വധക്കേസില്‍ രണ്ടാം പ്രതി അബ്ദുള്ളയ്ക്ക് ജീവപര്യന്തം തടവ്. കെ എം അബ്ദുള്ള കുറ്റക്കാരനാണെന്ന് സി ബി ഐ പ്രത്യേക കോടതി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയുടേതാണു വിധി.

വിധി പ്രഖ്യാപിക്കുന്നതിന് മുമ്പ് പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി അബ്ദുള്ളയോടു ചോദിച്ചിരുന്നു. തനിക്കു വിവാഹപ്രായമായ പെണ്‍മക്കള്‍ ഉണ്ടെന്നും പരമാവധി ശിക്ഷയില്‍ നിന്ന്‌ ഒഴിവാക്കണമെന്നും അബ്ദുള്ള കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ കുറ്റകൃത്യത്തിന്‍റെ സ്വഭാവം കണക്കിലെടുത്ത്‌ പ്രതി ജീവപര്യന്തത്തിന്‌ അര്‍ഹനാണെന്നു കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് കോടതി വിധി പ്രഖ്യാപിച്ചത്. ജീവപര്യന്തം കഠിനതടവാണ് കോടതി വിധിച്ചിരിക്കുന്നത്.

അതേസമയം, ഒന്നാം പ്രതിയായ അബ്ദുല്‍ റഹ്മാനെ പിടികൂടാന്‍ ഇതുവരെ സി ബി ഐയ്ക്ക് കഴിഞ്ഞിട്ടില്ല. ഒളിവില്‍പോയ രണ്ടാം പ്രതിയായ കെ എം അബ്ദുള്ളയെ മാസങ്ങള്‍ക്ക് മുമ്പ് കള്ളനോട്ട് കേസില്‍ ശ്രീലങ്കന്‍ പൊലീസായിരുന്നു പിടികൂടിയത്.

ഹംസയെ കൊലപ്പെടുത്തിയതിനു പിന്നിലുള്ള ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളില്‍ അബ്ദുള്ള പങ്കാളിയാണെന്നു ബോധ്യപ്പെട്ടതായി കോടതി അറിയിച്ചു. സംശയലേശമന്യേ ഇക്കാര്യം തെളിഞ്ഞിട്ടുണ്ട്‌. കൊലപാതകത്തില്‍ നിര്‍ണായക പങ്കുണ്ടായിരുന്നെങ്കിലും കൊലപാതക സ്ഥലത്ത്‌ അബ്ദുള്ള ഉണ്ടായിരുന്നു എന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല.

കളളക്കടത്തുസംഘങ്ങള്‍ തമ്മിലുളള പകപോക്കലാണ്‌ ഹംസയുടെ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്നാണ്‌ സി ബി ഐയുടെ കണ്ടെത്തല്‍. 1989 മാര്‍ച്ച്‌ 29നാണ്‌ കാസര്‍കോട്‌ സ്വദേശിയായ ഹംസയെ വെടിവച്ചുകൊന്നത്‌. കളളക്കടത്തുസംഘങ്ങള്‍ തമ്മിലുളള കുടിപ്പകയായിരുന്നു ഹംസയുടെ കൊലപാതകത്തിലേക്ക് നയിച്ചത്‌.

കള്ളക്കടത്തുകാരെക്കുറിച്ചുള്ള വിവരം കൈമാറിയ ഹംസയ്ക്ക് സര്‍ക്കാര്‍ പാരിതോഷികം നല്‍കിയിരുന്നു. ഇക്കാര്യമറിഞ്ഞ പ്രതികള്‍ ഹംസയെ മംഗലാപുരം മുതല്‍ കാസര്‍കോട് വരെ പിന്തുടര്‍ന്നാണ് കൊലപ്പെടുത്തിയത്. സംഭവം ദിവസം മംഗലാപുരത്തു നിന്ന് കാസര്‍കോഡേക്കു വരികയായിരുന്ന ഹംസയെ 11 പ്രതികള്‍ കാറിലും ബൈക്കിലുമായി പിന്തുടരുകയും തുടര്‍ന്നു വാഹനം വളഞ്ഞു വെടിവെച്ചു കൊല്ലുകയും ആയിരുന്നു.

വെബ്ദുനിയ വായിക്കുക