സ്ത്രീകള്‍ പാതി ആകാശത്തിന്‍റെ അവകാശികള്‍, ഇനിയൊരു പെണ്‍കുഞ്ഞിന്‍റെയും കണ്ണുനീര്‍ ഇവിടെ വീഴരുത്, കുറ്റിയറ്റുപോകരുത് ആങ്ങളവര്‍ഗം; "ജിഷയ്ക്ക് നീതിലഭിക്കണം... ലഭിച്ചേ തീരൂ” - എം വി നികേഷ്കുമാര്‍ പ്രതികരിക്കുന്നു

Webdunia
ചൊവ്വ, 3 മെയ് 2016 (17:43 IST)
ജിഷയെന്ന പെണ്‍കുട്ടിയുടെ ജീവിതം അതിക്രൂരമായി തകര്‍ത്തെറിഞ്ഞവര്‍ക്കെതിരെ കേരളക്കരയാകെ പ്രതിഷേധം ആളിക്കത്തുകയാണ്. സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച പ്രതിഷേധം കേരളക്കരയൊന്നാകെ ഏറ്റെടുത്തുകഴിഞ്ഞു.
 
ജിഷയെ ഇല്ലാതാക്കിയവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാനടപടി കിട്ടുക എന്നതാണ് ജിഷയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ നീതി. മാത്രമല്ല, കേരളത്തിലെ ഒരു പെണ്‍കുട്ടിക്കും ഇനി ഇത്തരം ഒരനുഭവം ഉണ്ടാകരുതെന്നും സ്ത്രീകള്‍ സുരക്ഷിതരായി ജീവിക്കുന്ന ഒരു കേരളം ഉണ്ടാകണമെന്നും ഏവരും ആവശ്യപ്പെടുന്നു.
 
അഴീക്കോട്ടെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം വി നികേഷ്കുമാര്‍ പറയുന്നതും ഇതുതന്നെയാണ്. ‘ജിഷയ്ക്ക് നീതിലഭിക്കണം... ലഭിച്ചേ തീരൂ’ - എന്ന ആവശ്യമുയര്‍ത്തിയാണ് ‘ഗുഡ്മോണിംഗ് അഴീക്കോട്’ എന്ന തന്‍റെ ഫേസ്ബുക്ക് വീഡിയോയില്‍ നികേഷ് പ്രതികരിക്കുന്നത്. 
 
സ്ത്രീകള്‍ പാതി ആകാശത്തിന്‍റെ അവകാശികളാണെന്നും ഇനിയൊരു പെണ്‍കുഞ്ഞിന്‍റെയും കണ്ണുനീര്‍ ഇവിടെ വീഴരുതെന്നും കുറ്റിയറ്റുപോകരുത് ആങ്ങളവര്‍ഗമെന്നും നികേഷ് ഈ വീഡിയോയില്‍ പറയുന്നു.
 
മാത്രമല്ല, എല്‍ ഡി എഫ് അധികാരത്തിലെത്തിയാല്‍ സ്ത്രീ സുരക്ഷയ്ക്കായിരിക്കും ഏറ്റവും പ്രാധാന്യം നല്‍കുകയെന്നും എം വി നികേഷ്കുമാര്‍ പറയുന്നു.
Next Article