ശബരിമലയിലെ സ്ത്രീ പ്രവേശനം; സുപ്രിംകോടതി ഇന്നു വിധി പറയും

വെള്ളി, 13 ഒക്‌ടോബര്‍ 2017 (09:35 IST)
ശബരിമലയിലേക്ക് ഏത് പ്രായത്തിലുമുളള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന കേസില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ആവശ്യമെങ്കില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് ഹര്‍ജി വിടുമെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ വിധിയെ വലിയ പ്രാധാന്യത്തോടെയാണ് വിശ്വാസികൾ നോക്കിക്കാണുന്നത്.
 
ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷനാണ് ശബരിമലയില്‍ എല്ലാ പ്രായത്തിലുളള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ നേരത്തേ സന്നദ്ധ സംഘടനകള്‍, ദേവസ്വം ബോര്‍ഡ്, സംസ്ഥാന സര്‍ക്കാര്‍ എന്നിവരോട് കോടതി അഭിപ്രായം തേടിയിരുന്നു.
 
ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കാത്തത് ഭരണഘടന ലംഘനമാണെന്ന് കോടതി ഹര്‍ജി പരിഗണിക്കവെ വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു. സന്നിധാനത്ത് കാലങ്ങളായി തുടരുന്ന ആചാരങ്ങള്‍ ലംഘിക്കാനാകില്ലെന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാൽ, ഇതിനു നേർ വിപരീത നിലപാടായിരുന്നു എൽ ഡി എഫ് സർക്കാർ സ്വീകരിച്ചത്. ഈ സാഹചര്യത്തിൽ വിധിയെ ആകാംഷാപൂർവ്വം നോക്കി കാണുകയാണ് എല്ലാവരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍