പുന്നമടക്കായലില്‍ തീ പടരുന്നത് കാണാന്‍ രാഷ്ട്രപതിയും

വെള്ളി, 13 ഓഗസ്റ്റ് 2010 (18:02 IST)
പുന്നമടക്കായലിന്‍റെ ഓളപ്പരപ്പുകള്‍ക്ക് തീ പിടിക്കുന്നത് കാണാന്‍ രാജ്യത്തിന്‍റെ പ്രഥമവനിത പ്രതിഭാ പാട്ടീലും. ഓളപ്പരപ്പിലെ ഒളിമ്പിക്സായ നെഹ്രു ട്രോഫി വള്ളംകളി കാണാനും തുഴക്കാരെ പ്രോത്സാഹിപ്പിക്കാനുമായി കായല്‍ക്കരയില്‍ രാഷ്ട്രപതിയും ഉണ്ടാകും. ജലോല്‍സവം രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ ശനിയാഴ്ച ഉച്ചക്ക്‌ ശേഷം ഉദ്ഘാടനം ചെയ്യും.

വള്ളംകളി കാണുവാനായി നിരവധി വിദേശിയരും സ്വദേശികളുമായ ആരാധകര്‍ ആലപ്പുഴയിലെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്‌. വള്ളംകളിക്ക് മുന്നോടിയായി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്‌ കേരളീയ സംസ്കാരത്തെയും പൈതൃകത്തെയും വിളിച്ചോതിക്കൊണ്ടുള്ള സാംസ്കാരിക ഘോഷയാത്രയും നടന്നു.

സംസ്ഥാനത്തെ വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നതിനായി എത്തിയ കുടുംബത്തോടൊപ്പം എത്തിയ രാഷ്ട്രപതി വള്ളംകളിയുടെ ഉദ്ഘാടനത്തിനായി ഉച്ചകഴിഞ്ഞ്‌ ഒന്നേമുക്കാലോടെ ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങും. ഗവര്‍ണര്‍ ആര്‍ എസ്‌ ഗവായിയും ഒപ്പമുണ്ടാകും. മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി പി കെ ശ്രീമതി രാഷ്ട്രപതിയെ സ്വീകരിക്കും.

അവിടെ നിന്ന്‌ രാഷ്ട്രപതിയും കുടുംബവും കാര്‍ മാര്‍ഗം വന്ന്‌ ആലപ്പുഴ ബോട്ട്‌ ജെട്ടിക്ക്‌ കിഴക്കു വശത്തുള്ള മാതാ ജെട്ടിയില്‍ നിന്നും ബോട്ടില്‍ റോസ്‌ പവിലിയനില്‍ എത്തും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടും വള്ളംകളി മത്സരത്തോടും അനുബന്ധിച്ചു നഗരത്തില്‍ വന്‍ സുരക്ഷാക്രമീകരണങ്ങളാണ്‌ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. ശനിയാഴ്ച രാവിലെ ആറു മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കുമാരി ഷെല്‍ജ, മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, പി കെ ശ്രീമതി, എംപിമാരായ ശശി തരൂര്‍, എ സമ്പത്ത്‌, പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി തുടങ്ങിയവരും ജലോല്‍സവം ആസ്വദിക്കുന്നതിനായി എത്തും. നാല്‌ ഹീറ്റ്സുകളിലായി 16 ചുണ്ടന്‍ വള്ളങ്ങളും ബി ഗ്രേഡ്‌ വിഭാഗത്തില്‍ മൂന്നു ചുണ്ടന്‍ വള്ളങ്ങളും പങ്കെടുക്കും. മത്സരങ്ങള്‍ മൂന്നേകാലിന്‌ ആരംഭിക്കും.

വെബ്ദുനിയ വായിക്കുക