പകർച്ചപ്പനി: ആരോഗ്യമന്ത്രിയും ആരോഗ്യ വകുപ്പും പൂർണ പരാജയം - രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല

ഞായര്‍, 18 ജൂണ്‍ 2017 (09:56 IST)
സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന പകർച്ചപ്പനി നിയന്ത്രിക്കുന്നതിൽ ആരോഗ്യമന്ത്രി പൂർണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തരമൊരു സാഹചര്യത്തില്‍ ആവശ്യമായ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്​ച നടത്തിയതായും അദ്ദേഹം പറഞ്ഞു.
 
പനി തടയുന്ന കാര്യത്തില്‍ സർക്കാർ പൂർണമായും പരാജയപ്പെട്ടു. വാർഡ്​ തലംമുതൽക്കു തന്നെ ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാൽ മാത്രമേ പനി തടയാന്‍ കഴിയൂ. പനി ബാധിച്ച്​ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക്​ നഷ്ടപരിഹാരം നൽകണമെന്ന കാര്യവും മുഖ്യമന്ത്രിയോട്​പറഞ്ഞിട്ടുണ്ടെന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
 
സംസ്ഥാനത്ത് പനി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകൾക്ക് പനി ബാധിച്ചിരിക്കുന്നു. എല്ലാ യു ഡി എഫ്​ എം എൽ എ മാരും അവരവരുടെ മണ്ഡലങ്ങളിലുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകും. ഹരിപ്പാട്​ മണ്ഡലത്തിൽ താനും ശുചീകരണ പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകുമെന്നും ചെന്നിത്തല പറഞ്ഞു. 
 
അതേസമയം, സംസ്ഥാനത്തെ ഞെട്ടിച്ച് പകർച്ചപ്പനി മരണങ്ങൾ കുതിച്ചുയരുകയാണ്. ഇന്നലെ മാത്രം സംസ്ഥാനത്ത് പത്ത് പേരാണ് മരണത്തിനു കീഴടങ്ങിയത്. സർക്കാർ സ്വകാര്യ ആശുപത്രികൾ മുഴുവൻ പനി ബാധിതരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു. ഇന്നലെ മാത്രം സംസ്ഥാനത്തു 18,873 പേർ പകർച്ചപ്പനിക്കു ചികിൽസ തേടിയെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.   

വെബ്ദുനിയ വായിക്കുക