മലയാള സിനിമയിൽ നോവിൻറെ പെരുമഴക്കാലങ്ങൾ പകർത്തിയിട്ട തിരക്കഥാകൃത്ത് ടി എ റസാഖ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 58 വയസായിരുന്നു.
കുറച്ചുകാലമായി കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അസുഖത്തിൻറെ പാരമ്യത്തിലും പുതിയ കഥകൾക്കായുള്ള മനസുകൊണ്ടുള്ള നിരന്തര യാത്രയിലായിരുന്നു ടി എ റസാഖ്. ആ യാത്ര പാതിവഴിയിൽ നിർത്തിയാണ് മലയാള സിനിമയെ ഞെട്ടിച്ച ഈ വിടവാങ്ങൽ.
വടക്കൻ കേരളത്തിൻറെ കഥകൾ മലയാളികൾക്ക് നിറച്ചുവിളമ്പിയ തിരക്കഥാകാരനായിരുന്നു റസാഖ്. ധ്വനി എന്ന ചിത്രത്തിൽ സഹസംവിധായകനായാണ് സിനിമാ പ്രവേശം. ജീവിതത്തിൻറെ കയ്പുനീർ ആവോളം കുടിച്ക ഒരു ബാല്യത്തിൻറെയും കൗമാരയൗവനങ്ങളുടെയും കരുത്തുള്ള ഒരു മനസുമായാണ് സിനിമയിലെത്തിയത്. അനുഭവങ്ങളുടെ ആ തീച്ചൂട് പകർന്ന തിരക്കഥകളുടെ ഒഴുക്കായി പിന്നെ. ആദ്യ തിരക്കഥ ജി എസ് വിജയൻ സംവിധാനം ചെയ്ത 'ഘോഷയാത്ര'.
വിഷ്‌ണുലോകം, ഗസൽ, കാണാക്കിനാവ്, ഭൂമിഗീതം, അനശ്വരം, താലോലം, സ്നേഹം, വേഷം, ആയിരത്തിൽ ഒരുവൻ, സാഫല്യം, നാടോടി, കർമ്മ, ചിത്രശലഭം, പ്രിൻസ്, പെരുമഴക്കാലം, ഉത്തമൻ, മായാബസാർ, വാൽക്കണ്ണാടി, രാപ്പകൽ, ബസ് കണ്ടക്ടർ, പരുന്ത്, സൈഗാൾ പാടുകയാണ്, പെൺപട്ടണം തുടങ്ങി മുപ്പതിലധികം തിരക്കഥകൾ ടി എ റസാഖ് മലയാളത്തിന് നൽകി. 2016ൽ 'സുഖമായിരിക്കട്ടെ' എന്ന ചിത്രമാണ് റസാഖിൻറെ അവസാന തിരക്കഥ. മൂന്നാം നാൾ ഞായറാഴ്ച എന്ന ചിത്രം സംവിധാനം ചെയ്തു.
1996 മികച്ച കഥയ്ക്കും തിരക്കഥയ്ക്കുമുള്ള സംസ്ഥാന അവാർഡ് കാണാക്കിനാവ് എന്ന ചിത്രത്തിലൂടെ റസാഖിന് ലഭിച്ചു. 2002ൽ ആയിരത്തിൽ ഒരുവനിലൂടെയും 2004ൽ പെരുമഴക്കാലത്തിലൂടെയും മികച്ച കഥാകൃത്തിനുള്ള പുരസ്കാരവും റസാഖിനെ തേടിയെത്തി. അന്തരിച്ച തിരക്കഥാകൃത്ത് ടി എ ഷാഹിദ് സഹോദരനാണ്.
റസാഖിൻറേതുൾപ്പടെയുള്ള കലാകാരൻമാരുടെ ചികിത്സയ്ക്കായി പണം കണ്ടെത്താൻ മോഹൻലാലിൻറെ നേതൃത്വത്തിൽ മോഹനം എന്ന പരിപാടി കോഴിക്കോട്ട് അരങ്ങേറുമ്പോഴാണ് സ്വാതന്ത്ര്യദിനത്തിലെ കണ്ണുനീർത്തുള്ളിയായി ടി എ റസാഖിൻറെ മരണവാർത്തയെത്തുന്നത്.