ക്വട്ടേഷനില്‍ സത്യമുണ്ടെങ്കില്‍ പണം കൊടുത്ത് ഒഴിവാക്കാനല്ലേ ദിലീപ് ശ്രമിക്കുക: പ്രോസിക്യൂഷനെ കുഴക്കി രാമന്‍പിള്ള

ബുധന്‍, 23 ഓഗസ്റ്റ് 2017 (08:53 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരായി പൊലീസിന്റെ പക്കല്‍ തെളിവുകള്‍ ഒന്നും ഇല്ലെന്ന് അഭിഭാഷകന്‍ രാമന്‍പിള്ള. കേസില്‍ നാലു മണിക്കൂര്‍ ആണ് വാദം നടന്നത്. പ്രോസിക്യൂഷന്റെ വാദം ഇന്ന് നടക്കും. കേസില്‍ ദിലീപിനെ പ്രതിയാക്കാന്‍ കഴിയുന്ന തെളിവുകള്‍ ഒന്നും അന്വേഷണ സംഘത്തിന്റെ കയ്യില്‍ ഇല്ലെന്ന് അഭിഭാഷകന്‍ വാദിച്ചു. 
 
ഒന്നരക്കോടി നല്‍കാമെന്ന് ദിലീപ് വാഗ്‌ദാനം ചെയ്തിരുന്നുവെന്ന് പള്‍സര്‍ സുനി പറയുന്നത് പച്ചക്കള്ളമാണ്. ഈ കേസില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ ആ പണം കൊടുത്ത് കേസ് ഒതുക്കി തീര്‍ക്കാനല്ലേ ശ്രമിക്കുകയുള്ളുവെന്നും രാമന്‍പിള്ള ചോദിച്ചു. കേസിലെ സാക്ഷികളെല്ലാം ആക്രമിക്കപ്പെട്ട നടിയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നവരാണെന്നും അഭിഭാഷകന്‍ സൂചിപ്പിച്ചു. 
 
ക്വട്ടേഷനാണെന്ന് നടി ആദ്യമേ മൊഴി നല്‍കിയിരുന്നു. എന്നാല്‍, അന്ന് പൊലീസ് അത് അന്വേഷിച്ചില്ല. ആരെയെങ്കിലും സംശയമുണ്ടോ എന്ന് പോലും പൊലീസ് ചോദിച്ചില്ല. നിലവില്‍ 28കേസുകള്‍ സുനിക്കെതിരെ ഉണ്ട്. ഇത്രയധികം കേസുകളില്‍ പ്രതിയായ ഒരു ക്രിമിനലിന്റെ വാക്കുകള്‍ കേട്ട് ജനപ്രിയ നടനായ ദിലീപിനെ അറസ്റ്റ് ചെയ്തത് എങ്ങനെ അംഗീകരിക്കാനാകില്ലെന്നും രാമന്‍പിള്ള വാദിച്ചു.

വെബ്ദുനിയ വായിക്കുക