കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതിയില്‍ അന്തിമവാദം നടക്കും. കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതിവിധിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും.
നേരത്തെ കേസ് പരിഗണിച്ച സമയത്ത് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് ഒരു മാസത്തേക്ക് എം പി സ്ഥാനത്ത് തുടരാന്‍ സുപ്രീംകോടതി അനുവാദം നല്‍കിയിരുന്നു. പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗക്കാരനായ കൊടിക്കുന്നില്‍ സുരേഷിന് സംവരണ സമുദായ സീറ്റില്‍ മത്സരിക്കാന്‍ അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിവിധി.
ഇതിനെ തുടര്‍ന്ന് കൊടിക്കുന്നിലിന്‍റെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് കൊടിക്കുന്നില്‍ സുരേഷ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് അല്‍ദമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പുലയ സമുദായവും ചേരമര്‍ സമുദായവും ഒന്നു തന്നെയാണെന്ന് കൊടിക്കുന്നില്‍ സുരേഷിന്‍റെ അഭിഭാഷകന്‍ വാദിക്കുമ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു വേണ്ടി കൊടിക്കുന്നില്‍ വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്ന് ആയിരിക്കും എതിര്‍സ്ഥാനാര്‍ത്ഥി അനില്‍ വാദിക്കുക.