കേരളത്തെ ഐശ്വര്യത്തിലേക്ക് നയിക്കുന്ന ബജറ്റ്: പിണറായി

Webdunia
വെള്ളി, 8 ജൂലൈ 2016 (21:40 IST)
കേരളത്തെ സാമ്പത്തിക വിഷമതകളുടെ പരിമിതികളെ മറികടന്ന് ഐശ്വര്യത്തിലേക്ക് നയിക്കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്‍റെ ദൃഷ്ടാന്തമാണ് 20000 കോടി രൂപയുടെ പ്രത്യേക പാക്കേജെന്നും പിണറായി.
 
കേന്ദ്ര ഇറക്കുമതി നയം കൊണ്ട് തകര്‍ച്ചയിലായ റബ്ബര്‍ - നെല്‍ - കേര കാര്‍ഷിക മേഖലകളെ രക്ഷിക്കുവാന്‍ ഉയര്‍ന്ന തുക വകയിരുത്തിക്കൊണ്ടുള്ള ഇടപെടലുകള്‍ ബജറ്റിലുണ്ട്. പരമ്പരാഗത വ്യവസ്ഥകള്‍, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയ്ക്ക് വലിയ പ്രാധാന്യം നല്‍കിയത് തൊഴിലാളികളോടും ദുര്‍ബല വിഭാഗങ്ങളോടുമുള്ള പ്രതിബന്ധതയ്ക്കുള്ള ഉദാഹരണമാണ്. മത്സ്യത്തൊഴിലാളി കടാശ്വാസമടക്കമുള്ള കാര്യങ്ങള്‍ക്കുള്ള തുകയുടെ വര്‍ദ്ധനയും ഇതിന്റെ ഭാഗമാണ്. 
 
അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം എന്നിവയെ തിരിച്ചുപിടിക്കുവാനുള്ള മൂര്‍ത്തമായ നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളുന്നു. കുടുംബശ്രീ, ശുചിത്വം, മാലിന്യ നിര്‍മാര്‍ജനം, സ്ത്രീ സമൂഹത്തിന്റെ ക്ഷേമം എന്നിവയ്ക്കും ഈ ബജറ്റില്‍ ഉയര്‍ന്ന പരിഗണനയാണ് നല്‍കിയിട്ടുള്ളതെന്നും പിണറായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
 
പരമ്പരാഗത തൊഴില്‍ സംരക്ഷിച്ചുകൊണ്ടുള്ള കയര്‍ വ്യവസായ നവീകരണമടക്കം പരമ്പരാഗത വ്യവസായ മേഖലയിലെ ഇടപെടല്‍ യുക്തിപൂര്‍ണമാണ്. കശുവണ്ടി - ഖാദി - കൈത്തറി മേഖലകള്‍ക്കും പരമാവധി പരിരക്ഷണം നല്‍കുന്നു ഈ ബജറ്റ്. ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള അടിയന്തര ആശ്വാസ നടപടികള്‍ക്കും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രിത വികസന നടപടികള്‍ക്കും ഒരു പോലെ പ്രാധാന്യം നല്‍കുന്ന ബജറ്റാണിത്. ജനങ്ങളുടെ മേല്‍ അധികഭാരം ചുമത്താതെ വിഭവ സമാഹരണം നടത്തുക എന്ന സവിശേഷ രീതിയാണ് ഈ ബജറ്റില്‍ അനുവര്‍ത്തിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറയുന്നു.
 
സാമൂഹ്യ സുരക്ഷിതത്വത്തിനും പുരോഗതിക്കും വികസനത്തിനും ഊന്നല്‍ നല്‍കുന്ന ബജറ്റാണിത്. ആഗോള വിജ്ഞാന ഘടനയേയും നമ്മുടെ വിജ്ഞാന ഘടനയേയും ബന്ധിപ്പിച്ചു പുതിയ തലമുറയെ സജ്ജരാക്കുന്നു ഈ ബജറ്റ് എന്നതു പ്രത്യേകതയാണ് - മുഖ്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
Next Article