കേരളത്തില്‍ പാര്‍ട്ടിക്ക് പിന്തുണയില്ലെന്ന് പിണറായി വിജയന്‍

ചൊവ്വ, 6 ജനുവരി 2015 (13:03 IST)
സംസ്ഥാനത്ത് പാര്‍ട്ടിക്ക് ആവശ്യത്തിന് പിന്തുണയില്ലെന്ന് സി പി ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ‍. ആഗ്രഹിക്കുന്ന തോതില്‍ കേരളത്തില്‍ പാര്‍ട്ടിയുടെ പിന്തുണ വളര്‍ന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സി പി ഐ(എം) പത്തനംതിട്ട ജില്ല സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍ .
 
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആര്‍ എസ് എസ് പ്രീണനമാണെന്നും കോണ്‍ഗ്രസ് ആര്‍ എസ് എസുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും പിണറായി ആരോപിച്ചു. പുനര്‍ മതപരിവര്‍ത്തനം നടത്തുന്നവരെ എങ്ങോട്ടാണ് ചേര്‍ക്കുന്നതെന്ന് 
ആര്‍ എസ് എസ് വ്യക്തമാക്കണമെന്നും പിണറായി പറഞ്ഞു.
 
ബാര്‍ കോഴയില്‍ എക്സൈസ് മന്ത്രി കെ ബാബുവിനും പങ്കുണ്ട്. ഇതില്‍ മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും പങ്ക് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ കീഴില്‍ അഴിമതി നടത്തുന്ന ഉപജാപക സംഘം ഉണ്ടെന്നും പിണറായി ആരോപിച്ചു. ബാര്‍ കോഴ വിഷയത്തില്‍ കെ എം മാണിയുടെ നിലപാട് രാഷ്‌ട്രീയ സദാചാരത്തിന് വിരുദ്ധമാണെന്നും പിണറായി കുറ്റപ്പെടുത്തി.
 
മുഖ്യമന്ത്രിയെയും എക്സൈസ് മന്ത്രിയെയും ഉള്‍പ്പെടുത്തി ബാര്‍ കോഴക്കേസില്‍ സമഗ്രാന്വേഷണം വേണമെന്നും പിണറായി ആവശ്യപ്പെട്ടു. 
 
മതനിരപേക്ഷതയുമായി സ്ഥാപിക്കപ്പെട്ട പ്രസ്ഥാനത്തിന്റെ തലപ്പത്ത് ഇരിക്കുന്ന ആള്‍ വിവരദോഷം പറയരുതെന്നും പിണറായി വിജയന്‍ പറഞ്ഞു. ഘര്‍ വാപ്പസിയെ ന്യായീകരിച്ച വെള്ളപ്പള്ളി നടേശന്റെ നിലപാടിനെ വിമര്‍ശിച്ചാണ്‌ പിണറായി വിജയന്‍ ഈ ആരോപണം ഉന്നയിച്ചത്. ആര്‍ എസ് എസിനെ സഹായിക്കാനാണ് വെള്ളാപ്പള്ളി നടേശന്‍ ഘര്‍ വാപ്പസിയെ ന്യായീകരിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക