മുൻ കായിക മന്ത്രി ഇ.പി ജയരാജനെതിരായ ബന്ധു നിയമനക്കേസ് ഹൈക്കോടതി റദ്ദാക്കി. എന്തിനുവേണ്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ആരുടെയെങ്കിലും വാ അടപ്പിക്കാനാണോ നിലനില്‍ക്കാത്ത കേസ് എടുത്തതെന്നും കോടതി സര്‍ക്കാറിനോട് ചോദിച്ചു. ജയരാജനെതിരായ ബന്ധുനിയമനക്കേസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ തെളിവുകളില്ലെന്നും അതിനാല്‍ കേസ് അവസാനിപ്പിക്കുകയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
ജയരാജനെതിരെ അഴിമതി നിരോധന നിയമം നിലനിൽക്കില്ലെന്നാണു വിജിലൻസിന്റെ കണ്ടെത്തൽ. നിയമനം ലഭിച്ചിട്ടും പി കെ ശ്രീമതിയുടെ മകൻ പി കെ സുധീർ സ്ഥാനമേറ്റെടുക്കുകയോ പദവിയില്‍ ഉപവിഷ്ടനാവുകയോ ചെയ്തിട്ടില്ല. പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ല. ഉത്തരവിറങ്ങി മൂന്നാം ദിവസംതന്നെ മന്ത്രി ആ ഉത്തരവ് പിൻവലിക്കുകയും ചെയ്തുവെന്നുമാണു വിജിലൻസ് പറയുന്ന കാരണങ്ങൾ.