സഭയുടെ ഭൂമിയിടപാട് മാര്‍പാപ്പയുടെ പരിഗണനയ്‌ക്ക്; പരസ്യപ്രസ്‌താവനകളില്‍ നിന്നും വൈദികര്‍ വിട്ടുനില്‍ക്കും - ബഹളത്തിനൊടുവില്‍ പ്രശ്‌നത്തില്‍ മഞ്ഞുരുകുന്നു

ശനി, 24 മാര്‍ച്ച് 2018 (19:32 IST)
സിറോ മലബാര്‍ ഭൂമിയിടപാട് സംബന്ധിച്ച വിഷയം മാര്‍പാപ്പയുടെ പരിഗണനയ്ക്ക് വിടാന്‍ വൈദികസമിതി തീരുമാനിച്ചു. വൈദികര്‍ പരസ്യ പ്രതിഷേധത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും കര്‍ദ്ദിനാള്‍ മാപ്പ് പറയേണ്ടതില്ലെന്ന നിലപാടും യോഗത്തില്‍ തീരുമാനിച്ചു. അതേസമയം, ഭൂമി ഇടപാട് കേസില്‍ ഇനിയും വ്യക്തത ലഭിച്ചിട്ടില്ലെന്ന് യോഗം വിലയിരുത്തി.

സഭയുടെ ആഭ്യന്തര പ്രശ്നം പൊതു സമൂഹത്തിന് മുന്നില്‍ വലിച്ചിഴച്ചത് കുത്സിത താത്പര്യക്കാരാണെന്നും യോഗം വിലയിരുത്തി.

വിവാദത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും തന്റെ ഭാഗം വിശദീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലേഞ്ചേരി അറിയിച്ചു. ഇക്കാര്യങ്ങളില്‍ വിയോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭൂമിയിടപാട് ചര്‍ച്ചചെയ്യാനായി ചേര്‍ന്ന വൈദികസമിതി യോഗത്തിനിടയില്‍ സംഘര്‍ഷമുണ്ടാ‍യി. ബിഷപ്പ് ഹൗസ് വളപ്പില്‍ കര്‍ദിനാളിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് ഉന്തും തള്ളും ഉണ്ടാകുകയുമായിരുന്നു. ഇരു വിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷമുണ്ടായതോടെ പൊലീസ് ഇടപെട്ടു. ഇതിനിടെ കര്‍ദ്ദിനാള്‍ ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോയി.

സംഘര്‍ഷത്തിനിടെ ഇരുവിഭാഗങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ചര്‍ച്ചയില്‍ അനധികൃതമായി കടന്നുകൂടാന്‍ ശ്രമിച്ചയാളെ പൊലീസില്‍ ഏല്‍പ്പിച്ചു.

ആര്‍ച്ച് ഡയോസിസ് മൂവ്‌മെന്റ് ഓഫ് ട്രാന്‍സ്‌പെരന്‍സി അംഗങ്ങളെ വിളിപ്പിച്ചിരുന്നു. എന്നാല്‍, ഇവര്‍ക്കൊപ്പം കടന്നു കൂടിയ കര്‍ദ്ദിനാള്‍ അനുകൂല സംഘടനയിലെ പ്രതിനിധിയെ ചര്‍ച്ചയില്‍ നിന്നും പുറത്താക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

48 വൈദികരാണ് വൈദിക സമിതിയില്‍ പങ്കെടുക്കാനായി എത്തിയത്. കര്‍ദ്ദിനാളിനെ പുറത്ത് തടയാനായി വിശ്വാസികളുടെ സംഘടന പുറത്ത് കാത്തു നിന്നുവെങ്കിലും കര്‍ദ്ദിനാള്‍ അതുവഴി എത്താതെ പിന്‍വാതിലിലൂടെ എത്തുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍