ധനകാര്യസ്ഥാപന ഉടമയെ വെട്ടിക്കൊന്നു

ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (20:04 IST)
ധനകാര്യ സ്ഥാപന ഉടമയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്ന്‍ മൃതദേഹം റോഡരുകില്‍ തള്ളി. നന്ദിയോട് ഇളവട്ടം കാര്‍ത്തികയില്‍ മോഹനന്‍ നായര്‍ എന്ന 47 കാരനാണ് മരിച്ചത്.
 
നെടുമങ്ങാട് മൂഴിയില്‍ ഫിനന്‍സ് എന്ന സ്ഥാപനത്തിനൊപ്പം ഇളവട്ടത്ത് ഹാര്‍ഡ്‍വെയര്‍ സ്ഥാപനവും നടത്തിവരികയായിരുന്നു മോഹനന്‍ നായര്‍. ഞായറാഴ്ച രാത്രി ഓട്ടോയില്‍ രണ്ട് പേര്‍ വന്ന് മോഹനനൊപ്പം സംസാരിക്കുകയും തുടര്‍ന്ന് മോഹനന്‍ പൊലീസ് സ്റ്റേഷന്‍ വരെ പോയിവരാമെന്നും വീട്ടുകാരോട് പറഞ്ഞാണു പുറത്തേക്ക് പോയത്.
 
എന്നാല്‍ രാത്രി 11 മണിയോടെ റോഡരുകില്‍ ചോരയില്‍ കുളിച്ച രീതിയില്‍ ഇയാളുടെ മൃതദേഹമാണു പിന്നീട് യാത്രക്കാര്‍ കണ്ടത്. കൊലപാതക കാരണം വ്യക്തമല്ലെന്നും പ്രതികളെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായും പാലോട് സി.ഐ ജയകുമാര്‍ പറഞ്ഞു

വെബ്ദുനിയ വായിക്കുക