'പടച്ചോന്റെ ചിത്രപ്രദർശനം'; നോവലിസ്റ്റിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധം വ്യാപിക്കുന്നു

ചൊവ്വ, 26 ജൂലൈ 2016 (10:12 IST)
പുറത്തിറങ്ങാനിരിക്കുന്ന നോവലിന്റെ പേരില്‍ യുവ സാഹിത്യകാരന്‍ പി ജിംഷാറിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധം വ്യാപിക്കുന്നു. അക്ഷരങ്ങളോടുളള അസഹിഷ്ണുതയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ നേത്യത്വത്തില്‍ കൂറ്റനാട് പ്രതിഷേധ മാര്‍ച്ച് നടന്നു. സംവിധായകൻ പ്രിയനന്ദൻ ഉൾപ്പെടെ നിരവധി പേർ ജിംഷാറിനെ സന്ദർശിക്കാനെത്തിയിരുന്നു.
 
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ പെരുമ്പിലാവിന് സമീപം കുറ്റനാട് വെച്ചാണ് അഞ്ജാത സംഘം മര്‍ദ്ദിച്ചത്. ഉപ്പയുടെ ഉമ്മയെ കണ്ടശേഷം കൂനംമൂച്ചിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയ ജിംഷാര്‍ പരിചയക്കാരന്റെ ബൈക്കില്‍ കുറ്റനാട് എത്തി. അവിടെ നിന്നും നാട്ടിലേക്ക് ബസ് കാത്ത് നില്‍ക്കുമ്പോള്‍ ഒരാള്‍ വന്ന് പരിചയ ഭാവത്തില്‍ സംസാരിച്ചു. പിന്നീട് മുന്നുപേര്‍ കൂടി വരികയും നീ പടച്ചോനെ കുറിച്ച് എഴുതുമല്ലേടാ എന്ന് ചോദിച്ച് അക്രമിക്കുകയായിരുന്നു
 
മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം സംഘം കടന്നു കളഞ്ഞു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത രീതിയിലാണ് അപകടം നടന്നതെന്ന് ജിംഷാറിന്റെ സുഹൃത്തുക്കള്‍ പറയുന്നു. ''പടച്ചോന്റെ ചിത്ര പ്രദര്‍ശനം' പുസ്തകത്തിന്റെ കവര്‍ ജിംഷാര്‍ വാട്ട്‌സപ്പ് ഡിപിയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് വാട്ട്‌സപ്പില്‍ ഭീഷണിയുണ്ടായിരുന്നതായി ജിംഷാര്‍ പറഞ്ഞിരുന്നു. 

വെബ്ദുനിയ വായിക്കുക