കോട്ടയത്ത് പങ്കാളികളെ കൈമാറ്റം ചെയ്ത കേസ്: പരാതിക്കാരിയായ ഭാര്യയെ ഭർത്താവ് വീട്ടിൽ കയറി വെട്ടിക്കൊന്നു

വെള്ളി, 19 മെയ് 2023 (14:25 IST)
ഏറെ കോളിളക്കം സൃഷ്ടിച്ച കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരിയെ ഭര്‍ത്താവ് വീട്ടില്‍ കയറി വെട്ടികൊന്നു. ഇന്ന് രാവിലെ മണര്‍കാട്ടെ വീട്ടിലെത്തിയാണ് ഇയാള്‍ അക്രമം നടത്തിയത്. അക്രമം നടത്തിയത് ഭര്‍ത്താവാണെന്ന് യുവതിയുടെ പിതാവ് മൊഴി നല്‍കി. അക്രമം നടത്തിയ പ്രതി സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
 
2022 ജനുവരിയിലാണ് കോട്ടയം കറുകചാലില്‍ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം പിടിയിലായത്. മറ്റൊരാള്‍ക്കൊപ്പം പോകാന്‍ ഭര്‍ത്താവ് തന്നെ നിര്‍ബന്ധിച്ചെന്ന യുവതിയുടെ പരാതിയെ തുടര്‍ന്നാണ് സംഘം പിടിയിലായത്. സമൂഹമാധ്യമങ്ങള്‍ വഴി ഭാര്യമാരെ പരസ്പരം കൈമാറുകയാണ് സംഘം ചെയ്തിരുന്നത്. നിരവധി പേര്‍ ഇത്തരത്തില്‍ ലൈംഗിക ചൂഷണത്തിനും പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കും ഇരകളാക്കപ്പെട്ടുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മെസഞ്ചര്‍,ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സംഘം ഭാര്യമാരെ പരസ്പരം പങ്കുവെക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.
 
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഏഴംഗ സംഘത്തെയാണ് പോലീസ് പിടികൂടിയത്. ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുന്നു എന്നതായിരുന്നു യുവതിയുടെ പരാതി. നേരത്തെ സമാനമായ കേസുകളില്‍ കായംകുളത്തും നാലുപേര്‍ അറസ്റ്റിലായിരുന്നു. ഷെയര്‍ ചാറ്റ് വഴിയാണ് അന്ന് സംഘം ഇടപാടുകള്‍ നടത്തിയിരുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍