വിവാഹ വാഗ്ദാനം നല്കി പണം തട്ടിപ്പ്: നാല്പ്പതുകാരി അറസ്റ്റില്‍
വിവാഹ വാഗ്ദാനം നല്കി അദ്ധ്യാപകനില്‍ നിന്ന് പണവും സ്വര്‍ണ്ണവും തട്ടിയെടുത്ത കേസില്‍ കറുപ്പുംപടി ചിറങ്ങര ജിജി എന്ന നാല്പ്പതുകാരിയെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശിയായ അദ്ധ്യാപകനാണു കബളിപ്പിക്കപ്പെട്ടത്. പുനര്‍ വിവാഹത്തിനായി പരസ്യം നല്കിയ അദ്ധ്യാപകനെ നിലവില്‍ ഭര്ത്താവും മകനുമുള്ള ജിജി ഫോണില്‍ ബന്ധപ്പെട്ട് വിവാഹ സമ്മതം നല്കിയത്. വിവാഹം ചെയ്യാമെന്ന ഉറപ്പില്‍ സ്വര്‍ണ്ണം, പണം എന്നിവ വേണമെന്ന ആവശ്യത്തിനു അദ്ധ്യാപകന്‍ വഴങ്ങി പത്തുപവന്‍റെ സ്വര്ണ്ണവും പണവും ജിജിക്കു നല്കുകയും ചെയ്തു.
ഇതിനു ശേഷം എറണാകുളത്തെ ഒരു ഹോട്ടലില്‍ ഇരുവരും ചേര്‍ന്ന് മുറിയെടുത്തു തങ്ങി. എന്നാല്‍ രാത്രി അദ്ധ്യാപകനു മയക്കുമരുന്നു കലര്‍ത്തിയ ഭക്ഷണം നല്കി മയക്കിയ ശേഷം പണവും സ്വര്‍ണ്ണവുമായി ജിജി മുങ്ങുകയാണുണ്ടായത്. അദ്ധ്യാപകന്‍ ഫോണില്‍ ജിജിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്ന് അദ്ധ്യാപകന്‍ പൊലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്നു നടന്ന അന്വേഷണത്തിനൊടുവില്‍ ആലുവ പൊലീസ് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്‍റെ വലയില്‍ ജിജി കുടുങ്ങി. ആലുവയിലും ഇതിനു സമാനമായ ഒരു തട്ടിപ്പ് കേസ് ഇവര്ക്കെതിരെയുണ്ടെന്ന് പൊലീസ് പറയുന്നു.