നഴ്‌സുമാര്‍ക്ക് ജോലി ഉറപ്പാക്കാന്‍ പരമാവധി ശ്രമിക്കും-മുഖ്യമന്ത്രി

ബുധന്‍, 19 നവം‌ബര്‍ 2014 (17:32 IST)
ഇറാക്ക്-ലിബിയ എന്നിവിടങ്ങളില്‍ നിന്നും മടങ്ങിയെത്തിയ നഴ്‌സുമാരില്‍ പരമാവധി പേര്‍ക്ക് ജോലി ഉറപ്പാക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇറാഖ്-ലിബിയ എന്നീ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയ നഴ്‌സുമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇറാഖില്‍ നിന്നും മുമ്പ് മടങ്ങിയെത്തിയ നിരവധി പേര്‍ക്ക് ജോലി ലഭ്യമാക്കാന്‍ വിവിധ ആശുപത്രികളുടെ സഹകരണത്തോടെ സര്‍ക്കാരിനായി. ഇനിയും കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കുന്നതിന് വിവിധ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രികളുടെ ഭാഗത്തുനിന്നും ആത്മാര്‍ത്ഥമായ സഹകരണമാണുണ്ടായിട്ടുള്ളത്. കേരളത്തില്‍ തന്നെ ജോലി ചെയ്യുന്നവര്‍ക്ക് അങ്ങനെയും വിദേശത്ത് താത്പര്യമുള്ളവര്‍ക്ക് അത്തരത്തിലും തൊഴില്‍ അവസരം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.    

വിദേശ ആശുപത്രി അധികാരികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ബിഷപ്പ് പെരേര ഹാളില്‍ വിവധ ആശുപത്രികള്‍ കൗണ്ടറുകള്‍ ക്രമീകരിച്ചിരുന്നു. യു.എ.ഇ.യിലെ അല്‍ അഹല്യ ഹോസ്പിറ്റല്‍, എന്‍.എം.സി. ഗ്രൂപ്പ്, യൂണിവേഴ്‌സല്‍ ഹോസ്പിറ്റല്‍, കേരളത്തിലും ഇന്ത്യക്കകത്തുമുള്ള പ്രമുഖ ആശുപത്രികളും ആംസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയറും നഴ്മാരുടെ പുനരധിവാസത്തിന് സര്‍ക്കാരുമായി സഹകരിക്കുകയായിരുന്നു. ആശുപത്രികളിലുള്ള തൊഴിലവസരങ്ങള്‍ നഴ്‌സുമാര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള സൗകര്യമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക