രണ്ടുവയസ്സുകാരി മകളുടെ മുന്നിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു; പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു

തിങ്കള്‍, 20 ജൂണ്‍ 2016 (12:40 IST)
രണ്ടു വയസ്സുകാരി മകളുടെ മുന്നിലിട്ട് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഔറംഗബാദിലാണു സംഭവം. 35 വയസ്സുള്ള യുവാവ് 25 വയസ്സുള്ള തന്റെ ഭാര്യയെയാണു മകളുടെ മുന്നിലിട്ട് കുത്തിക്കൊന്നത്. കൊലപാതകം നടത്തിയതിനു ശേഷം പൊലീസ് സ്റ്റേഷനില്‍ എത്തിയ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ചെറിയ ചെറിയ കാര്യങ്ങള്‍ക്കു പോലും ഭാര്യ താനുമായി നിരന്തരം വഴക്കിടുന്നതില്‍ സഹി കെട്ടാണ് കൊലപാതകം നടത്തിയതെന്ന് യുവാവ് പൊലീസുകാര്‍ക്കു മുന്നില്‍ സമ്മതിച്ചു.
 
അശോക് ലഖന്‍ലാല്‍ സുറയാണു തന്റെ ഭാര്യ പൂജയെ കൊലപ്പെടുത്തിയത്. ആറു വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. അഞ്ചും രണ്ടും വയസ്സുള്ള രണ്ട് പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. പൊലീസ് സ്റ്റേഷനു 300 മീറ്റര്‍ അകലെയാണു സംഭവം നടന്നത്. മൃതദേഹം ജല്‍ന സിവില്‍ ആശുപത്രിയിലേക്ക് മാറ്റുകയും പരിശോധന നടത്തുകയും ചെയ്തു.
 
കുടുംബത്തിന്റെ ബിസിനസില്‍ സഹായിച്ചു വരികയായിരുന്നു ഇയാള്‍. മദ്യത്തിന് അടിമയായിരുന്ന ഇയാള്‍ കണ്‍സിലിംഗിനും ഡി-അഡിക്ഷന്‍ ചികിത്സയ്ക്കും വിധേയനായി വരികയായിരുന്നു. കൂട്ടു കുടുംബത്തില്‍ ആയിരുന്നു ഇവര്‍ ജീവിച്ചിരുന്നത്. എന്നാല്‍, ഭാര്യയുടെ വായില്‍ തുണി നിറച്ചതിനു ശേഷമായിരുന്നു ഇയാള്‍ കൊലപാതകം നടത്തിയത്. കൂടാതെ, ടെലിവിഷന്റെ ശബ്‌ദവും കൂട്ടി വെച്ചിരുന്നു. ഇതിനാല്‍ തന്നെ സഹായത്തിനായി യുവതി നിലവിളിച്ചത് ആര്‍ക്കും കേള്‍ക്കാന്‍ കഴിഞ്ഞില്ലെന്നും പൊലീസ് സബ് ഇന്‍സ്പെക്‌ടര്‍ ജയ്‌സിംഗ് മാടന്‍സിംഗ് പര്‍ദേശി മാധ്യമങ്ങളോട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക