‘രമ്യ രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്നു’; നിയുക്ത എം പിക്കെതിരെ വനിത കമ്മീഷൻ

ചൊവ്വ, 28 മെയ് 2019 (14:40 IST)
നിയുക്ത എം പി രമ്യ ഹരിദാസിനെതിരെ വനിത കമ്മിഷൻ. രമ്യയ്ക്കെതിരായ എ വിജയരാഘവന്‍റെ പരാമർശത്തില്‍ വനിത കമ്മീഷൻ കേസെടുത്തോ എന്ന രമ്യയുടെ ചോദ്യത്തോട് രോഷത്തോടെയാണ് വനിത കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈൻ പ്രതികരിച്ചത്. 
 
ഇതുവരെ പരാതി നല്‍കാത്ത രമ്യ ഹരിദാസ് വനിത കമ്മീഷനെതിരെ നടത്തിയ പരാമര്‍ശത്തിലൂടെ രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുകയാണെന്നും എം സി ജോസഫൈൻ പറഞ്ഞു. രമ്യയ്ക്ക് എതിരെ പരാമർശം ഉയർന്നതിന് പിന്നാലെ തന്നെ വനിത കമ്മീഷൻ കേസെടുത്തുവെന്ന് ജോസഫൈൻ വ്യക്തമാക്കുന്നു. 
 
സംഭവത്തിൽ എ വിജയരാഘവനെ പ്രതി ചേർത്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍ കേസെടുത്തോ എന്ന് പോലും അന്വേഷിക്കാതെ രമ്യ വനിത കമ്മീഷനെതിരെ പ്രതികരിച്ചത് ശരിയായില്ലെന്നും എംസി ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു. 
 
വനിത കമ്മീഷൻ  രാഷ്ട്രീയത്തിനതീതമായി ചിന്തിക്കണമെന്നും രമ്യ ഹരിദാസ് പറഞ്ഞിരുന്നു. എൽഡിഎഫ് കൺവീന‍ർ എ വിജയരാഘവന്‍റെ പരാമർശം തെറ്റായിരുന്നെന്ന് വൈകിയെങ്കിലും സിപിഎം തിരിച്ചറിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചതിനൊപ്പമായിരുന്നു രമ്യ ഹരിദാസ് വനിത കമ്മീഷനെതിരായ പരാമ‍ർശം നടത്തിയത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍