വിവാഹവേദിയില്‍ വരനെയും വധുവിനെയും കൂട്ടിനിര്‍ത്തി പുരോഹിതന്‍ ഇരുവരുടെയും മനസമ്മതം ചോദിച്ചു. എന്നാല്‍ വരന്‍ 'സമ്മതമല്ല' എന്ന മറുപടി നല്‍കി. ഇത് കേട്ട പുരോഹിതനും വിവാഹത്തിനെത്തിയവരും അതിശയപ്പെട്ടു.
പക്ഷെ വധുവിന്‍റെ ആള്‍ക്കാര്‍ക്ക് കലികയറി. തുടര്‍ന്ന് വിവാഹ ഹാളിന്‍റെ വാതിലുകള്‍ അകത്തു നിന്നു പൂട്ടി. തുടര്‍ന്ന് വരനും കൂട്ടര്‍ക്കും പൊതിരെ തല്ലും നല്‍കി. കഴിഞ്ഞ ദിവസം ചുള്ളിമാന്നൂരിലെ ഒരു കല്യാണ മണ്ഡപത്തിലായിരുന്നു ഈ സംഭവം അരങ്ങേറിയത്.
പെന്തക്കോസ്ത് വിശ്വാസികളായ കുര്യാത്തി സ്വദേശിനിയെ പൂജപ്പുര സ്വദേശിയായ യുവാവാണ് വിവാഹം കഴിക്കാനുള്ള മനസമ്മതത്തില്‍ നിന്ന് അവസാന നിമിഷം പിന്മാറിയത്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം വരനും വധുവും ആള്‍ക്കാരും നേരത്തേ തന്നെ മണ്ഡപത്തില്‍ എത്തിയെങ്കിലും അപ്പോഴൊന്നും വരന്‍ പിന്മാറുന്ന വിവരം പറഞ്ഞിരുന്നില്ല.
മൂന്നു വട്ടം മനസമ്മതം ചോദിച്ചപ്പൊഴായിരുന്നു കാലുമാറ്റം. അകത്തു നിന്നു പൂട്ടിയ മണ്ഡപത്തിനുള്ളിലെ അടികൊണ്ടുള്ള നിലവിളി കേട്ട നാട്ടുകാരാണ് വലിയമല പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് എത്തിയാണ് ആളുകളെ പുറത്തിറക്കിയത്.
തുടര്‍ന്ന് ഇരുകൂട്ടരേയും പൊലീസ് വിളിച്ചു വരുത്തി നടത്തിയ ചര്‍ച്ചയില്‍ നഷ്ടപരിഹാരമെന്നോണം ഒരു തുക വരന്‍റെ ആളുകള്‍ വധുവിനു നല്‍കാമെന്ന കരാറോടെ രംഗം ശാന്തമായി, ഇരുകൂട്ടരും പിരിഞ്ഞു പോവുകയും ചെയ്തു.