എല്‍ ഡി എഫ്, യു ഡി എഫ് മുന്നണികള്‍ക്കെതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപി എം പി. സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി സി കെ ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തിലാണ് സുരേഷ് ഗോപി തന്റെ നിലപാട് വ്യക്തമാക്കിയത്. കേരളത്തിലെ ജനങ്ങളുടെ വോട്ട് വാങ്ങി അവരെ വൈകാരികമായി അടിമപ്പെടുത്തിയിരിക്കുന്ന ഇരു മുന്നണികളുടേയും നട്ടെലൊടിച്ച് അറബിക്കടലില്‍ എറിയണമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
എന്‍ ഡി എയില്‍ നിന്നും ദളിത് വിരുദ്ധ നിലപാടുണ്ടാകുകയാണെങ്കില്‍ മുന്നണിയില്‍ നിന്നുകൊണ്ട് തന്നെ തന്റെ എതിര്‍പ്പ് പ്രകടിപ്പിക്കുമെന്ന സി കെ ജാനുവിന്റെ നിലപാടുകളെ സുരേഷ് ഗോപി പിന്തുണച്ചു. വയനാട്ടില്‍ മാത്രമല്ല കേരളത്തില്‍ ഉടനീളം ഇതുണ്ടാവണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. വയനാട്ടില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ സുരേഷ് ഗോപി റോഡ് ഷോയും നടത്തിയാണ് തിരിച്ചുപോയത്.
ഇതിനു മുമ്പും സുരേഷ് ഗോപി സംസ്‌ഥാനസര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. തന്റെ സിനിമാ ജീവിതം തകര്‍ത്തത് ഉമ്മന്‍ചാണ്ടിയും കൂട്ടരുമാണെന്നാണ് സുരേഷ് ഗോപി അടിമാലിയിലെ പ്രചാരണയോഗത്തില്‍ പറഞ്ഞത്.