പോത്തീസിന്റെ കെട്ടിടം ഇടിഞ്ഞു വീണ സംഭവം; നിയമലംഘനം നടന്നോയെന്ന് അന്വേഷിക്കണമെന്ന് വിടി ബല്‍റാം

വെള്ളി, 20 ഏപ്രില്‍ 2018 (16:54 IST)
കൊച്ചി മെട്രോയ്‌ക്കു ഭീഷണിയായി കൊച്ചിയിൽ 'പോത്തീസി'ന്റെ നിർമ്മാണത്തിലിരിക്കുന്ന ബഹുനിലക്കെട്ടിടം ഇടിഞ്ഞു താഴ്ന്ന സംഭവത്തില്‍ പ്രതികരണവുമായി വിടി ബല്‍റാം എംഎല്‍എ.

ആളപായമുണ്ടായിട്ടില്ല എന്നത് ഭാഗ്യം മാത്രമായേ കാണാൻ കഴിയൂ. ഇപ്പോഴത്തെ കാര്യത്തിൽ ഏതെങ്കിലും നിയമലംഘനങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും പ്രത്യേകമായിത്തന്നെ അന്വേഷിക്കണമെന്നും ബല്‍റാം ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.

നഗര വികസന വകുപ്പ്, ഭൗമ ശാസ്ത്രവകുപ്പ്, തദ്ദേശ ഭരണ സ്ഥാപനങ്ങൾ തുടങ്ങിയ സർക്കാർ സംവിധാനങ്ങളും ഉറക്കം വിട്ട് ഉണർന്നേ മതിയാകൂ. ദീർഘവീക്ഷണത്തോടെയുള്ള ടൗൺപ്ലാനിംഗ് സംവിധാനങ്ങളാണ് നമുക്ക് വേണ്ടത്. പൗരന്മാരുടെ ജീവൻ വച്ച് കളിക്കാൻ ആരെയും അനുവദിക്കരുതെന്നും ബല്‍‌റാം പറഞ്ഞു.

വിടി ബല്‍റാം എംഎല്‍എയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

കൊച്ചിയിൽ 'പോത്തീസി'ന്റെ നിർമ്മാണത്തിലിരിക്കുന്ന ബഹുനിലക്കെട്ടിടം ഇടിഞ്ഞു താഴ്ന്ന സംഭവം ഞെട്ടിപ്പിക്കുന്നതാണ്. ആളപായമുണ്ടായിട്ടില്ല എന്നത് ഭാഗ്യം മാത്രമായേ കാണാൻ കഴിയൂ. നിർമ്മാണം പൂർത്തീകരിച്ച് കഴിഞ്ഞതിനൊക്കെ ശേഷമാണ് ഇങ്ങനെയൊരപകടം നടന്നിരുന്നത് എങ്കിൽ എന്താകുമായിരുന്നേനെ സ്ഥിതി? ഇത് ഒരു സൂചനയായിക്കണ്ട് വേണ്ടത്ര ജാഗ്രത ഭാവിയിലെങ്കിലും ഉണ്ടാകേണ്ടതുണ്ട്. ബഹുനിലക്കെട്ടിടങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളിലും വ്യവസ്ഥകളിലും കാലാനുസൃതവും ശാസ്ത്രീയവുമായ മാറ്റങ്ങൾ കൊണ്ടുവരണം. കൊച്ചിയിലെ പല സ്ഥലങ്ങളും ഇക്കഴിഞ്ഞ പത്തിരുപത് വർഷത്തിനുള്ളിൽ ചതുപ്പ് നികത്തിയെടുത്തതാണെന്നും 40ഉം 50ഉമൊക്കെ മീറ്റർ താഴ്ചയിലാണ് ഇവിടെയൊക്കെ കട്ടിയുള്ള മണ്ണ് ഉള്ളതെന്നും പറയപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ വൻകിട നിർമ്മാണങ്ങളുടെ കാര്യത്തിൽ പ്രത്യേകമായ ശ്രദ്ധയും നിരന്തര പരിശോധനകളും ഉറപ്പുവരുത്തേണ്ടതുണ്ട്. ഇപ്പോഴത്തെ കാര്യത്തിൽ ഏതെങ്കിലും നിയമലംഘനങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും പ്രത്യേകമായിത്തന്നെ അന്വേഷിക്കണം. നഗര വികസന വകുപ്പ്, ഭൗമ ശാസ്ത്രവകുപ്പ്, തദ്ദേശ ഭരണ സ്ഥാപനങ്ങൾ തുടങ്ങിയ സർക്കാർ സംവിധാനങ്ങളും ഉറക്കം വിട്ട് ഉണർന്നേ മതിയാകൂ. ദീർഘവീക്ഷണത്തോടെയുള്ള ടൗൺപ്ലാനിംഗ് സംവിധാനങ്ങളാണ് നമുക്ക് വേണ്ടത്. പൗരന്മാരുടെ ജീവൻ വച്ച് കളിക്കാൻ ആരെയും അനുവദിക്കരുത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍