വി ടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
ഫാറൂഖ് കോളേജ് അധ്യാപകന്‍ ജൗഹറിന്റെ വിവാദ പ്രസംഗത്തിലുള്ളത് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ തന്നെയാണ്. തന്റെ മതത്തിന്റേയോ അതിന്റെ വികലമായ വ്യാഖ്യാനങ്ങളുടേയോ അടിസ്ഥാനത്തിലുള്ള വസ്ത്രധാരണ സങ്കല്‍പ്പങ്ങളേക്കുറിച്ചായിരിക്കാം, അതിനെ ഏറിയും കുറഞ്ഞും അംഗീകരിക്കുന്ന ഒരു ഓഡിയന്‍സിനു മുന്നില്‍ അദ്ദേഹം പറഞ്ഞത്. ആ നിലയിലുള്ള അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ അംഗീകരിക്കുമ്പോഴും അത്തരം കാഴ്ചപ്പാടുകള്‍ വച്ചുപുലര്‍ത്താത്ത, സ്വന്തം വസ്ത്രധാരണത്തേക്കുറിച്ച് സ്വന്തം നിലയ്ക്കുള്ള അഭിപ്രായങ്ങളുള്ള, മറ്റ് എല്ലാ വിദ്യാര്‍ത്ഥിനികളേയും മോശക്കാരാക്കി ചിത്രീകരിക്കുന്ന ഒരു ധ്വനി ജൗഹറിന്റെ പ്രസംഗത്തിലുണ്ട് എന്നത് തന്നെയാണ് അതിനെ സ്ത്രീവിരുദ്ധമാക്കുന്നത്.
ഏത് വസ്ത്രം ധരിക്കണം, ഏത് ഭക്ഷണം കഴിക്കണം എന്നതൊക്കെ അടിസ്ഥാനപരമായി ഓരോ വ്യക്തിയുടേയും തെരഞ്ഞെടുപ്പാവുന്നതാണ് സാമാന്യ ബോധമുള്ള ഒരു സമൂഹത്തിന്റെ ലക്ഷണം. കുടുംബം, മതം, സ്റ്റേറ്റ് എന്നീ ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ക്കും സംസ്‌ക്കാരം, പാരമ്പര്യം, സദാചാരം, വിശ്വാസം തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ക്കുമൊക്കെ ഇങ്ങനെയുള്ള വ്യക്തിസ്വാതന്ത്ര്യങ്ങള്‍ക്കുമേല്‍ ഒരു പരിധിക്കപ്പുറം കടന്നുകയറ്റം നടത്താന്‍ അവസരമില്ലാതിരിക്കുന്നത് അഭികാമ്യം മാത്രമല്ല, ഒരു ആധുനിക ജനാധിപത്യത്തിന് അനിവാര്യം കൂടിയാണ്.
എന്നാല്‍ ഇവിടെ ഈ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ജൗഹറിനെതിരെ ജാമ്യമില്ലാത്ത ക്രിമിനല്‍ കേസ് ചുമത്താനുള്ള ഭരണകൂട നീക്കം അമിതാധികാര പ്രവണതയാണെന്ന് പറയാതെ വയ്യ. ചര്‍ച്ച ചെയ്യുകയും പുച്ഛിച്ച് തള്ളുകയും ചെയ്യേണ്ടുന്ന ഒരഭിപ്രായത്തെ നിയമത്തിന്റെ കാര്‍ക്കശ്യം ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് ഒട്ടും യോജിക്കാന്‍ കഴിയാവുന്ന കാര്യമല്ല. സ്ത്രീകളുടെ "അശുദ്ധി''യുടെ പേരുപറഞ്ഞ് ശബരിമല പ്രവേശനത്തെ എതിര്‍ക്കുന്നതും സ്ത്രീവിരുദ്ധതയായി വ്യാഖ്യാനിക്കാവുന്നതാണ്. എന്നാല്‍ അങ്ങനെ അഭിപ്രായപ്പെട്ടതിന്റെ പേരില്‍ നാളിതുവരെ ആര്‍ക്കെതിരേയും ക്രിമിനല്‍ കേസ് എടുത്തതായി കാണുന്നില്ല. ഇതിനേക്കാള്‍ എത്രയോ ഗുരുതരമായ വിഷലിപ്ത പ്രചരണങ്ങള്‍ കേരളത്തിലുടനീളം നടത്തുന്ന സംഘ് പരിവാര്‍ നേതാക്കള്‍ക്കെതിരെ കേസെടുക്കാനോ അഥവാ പേരിന് കേസെടുത്താല്‍ത്തന്നെ അത് മുന്നോട്ടു കൊണ്ടു പോകാനോ കേരളത്തിലെ ആഭ്യന്തര വകുപ്പിന് കഴിയാതെ പോകുന്നുവെന്നതും നമുക്ക് കാണാതിരിക്കാനാവില്ല.